ആര്‍എസ്എസ് ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചു; സെന്‍സര്‍ ബോര്‍ഡ് ഒാഫിസറെ നീക്കി

തിരുവനന്തപുരം: ആര്‍എസ്എസ് ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ച സെന്‍സര്‍ബോര്‍ഡ് ഒഫിസറെ കേന്ദ്രസര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്നു നീക്കി. സെന്‍സര്‍ബോര്‍ഡ് തിരുവനന്തപുരം റീജ്യനല്‍ ഓഫിസര്‍ ഡോ. എ പ്രതിഭക്കെതിരേയാണ് ക്രേന്ദ്ര നടപടി.  കുമ്മനം രാജശേഖരനടക്കമുള്ള ബിജെപി നേതാക്കള്‍ കേന്ദ്രത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിഭയോട് ഡെപ്യൂട്ടേഷന്‍ മതിയാക്കി മാതൃസ്ഥാപനത്തിലേക്കു മടങ്ങാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെക്കുറിച്ച് യദു കൃഷ്ണന്‍ സംവിധാനം ചെയ്ത '21 മന്ത്‌സ് ഓഫ് ഹെല്‍' എന്ന ഡോക്യുമെന്ററിക്ക് അനുമതിനല്‍കുന്നതിന് വിമുഖത കാണിച്ചുവെന്നാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആരോപണം.  എന്നാല്‍, ചരിത്രത്തെ വളച്ചൊടിക്കാനാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചതെന്ന് ഡോക്യുമെന്ററി കണ്ട ഫിലിം സര്‍ട്ടിഫിക്കേഷന്‍ പാനല്‍ പറഞ്ഞു. ചരിത്രം വളച്ചൊടിച്ചും ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചുമുള്ള ചിത്രത്തിലെ ഭാഗങ്ങള്‍ നീക്കണമെന്നും പാനല്‍ നിര്‍ദേശിച്ചു.  സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചത്.

RELATED STORIES

Share it
Top