ആര്‍എസ്എസ് ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു;സെന്‍സര്‍ബോര്‍ഡ് ഓഫീസറെ മാറ്റി

തിരുവനന്തപുരം:ആര്‍എസ്എസിന്റെ ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ച സെന്‍സര്‍ബോര്‍ഡ് ഒഫീസറെ കേന്ദ്രസര്‍ക്കാര്‍ നീക്കി. സെന്‍സര്‍ബോര്‍ഡ് തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ ഡോ. എ പ്രതിഭയെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. ഡോക്യുമെന്ററിക്ക് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.അടിയന്തരാവസ്ഥ കാലത്തെക്കുറിച്ച് യുദു കൃഷ്ണന്‍ സംവിധാനം ചെയ്ത '21 മന്ത്‌സ് ഓഫ് ഹെല്‍'എന്ന ഡോക്യുമെന്ററിക്ക് അനുമതിനല്‍കുന്നതിന് വിമുഖത കാണിച്ചുവെന്നാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആരോപണം.
എന്നാല്‍, ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിക്കുന്നതെന്ന് ഡോക്യുമെന്ററി കണ്ട ഫിലിം സര്‍ട്ടിഫിക്കേഷന്‍ പാനല്‍ പറഞ്ഞു. ചരിത്രം വളച്ചൊടിച്ചും ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചുമുള്ള ചിത്രത്തിലെ ഭാഗങ്ങള്‍ നീക്കണമെന്നും പാനല്‍ നിര്‍ദേശിച്ചു. എന്നാല്‍, സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറായില്ല. ഇതിനുപിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖറന്‍ സെന്‍സര്‍ബോര്‍ഡ് റീജിണല്‍ ഓഫീസര്‍ക്കെതിരെ രംഗത്തെത്തിയത്.
അടിയന്തരാവസ്ഥയെ ധീരമായി നേരിട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയെന്ന ഒറ്റക്കാരണം കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് കുമ്മനം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് നേതൃത്വം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതിയും നല്‍കി.  ഇതിന് പിന്നാലെയാണ് ഡോ. പ്രതിഭയെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടി തുടങ്ങിയത്.
അതേസമയം, നടപടി അംഗീകരിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഡോ. പ്രതിഭ വ്യക്തമാക്കി.

RELATED STORIES

Share it
Top