ആര്‍എസ്എസ് ക്യാംപുകളില്‍ യുവാക്കളുടെ മരണം തുടര്‍ക്കഥയാവുന്നു

കോഴിക്കോട്: 15 വയസ്സു പോലും തികയാത്ത കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആര്‍എസ്എസ് ക്യാംപുകളില്‍ നിന്നു നല്‍കുന്ന കഠിനമായ ശാരീരിക, ആയുധ പരിശീലനം മാരകമായ പരിക്കിനും അപകടത്തിനും ഇടയാക്കുന്ന സംഭവങ്ങള്‍ തുടരുന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ ആര്‍എസ്എസ് ക്യാംപി ല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.ഡിസംബറില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ശാരീരിക ആയുധ പരിശീലന ക്യാംപിലാണു സംഭവം. കോണിപ്പടിയില്‍ നിന്നു വീണു കൊല്ലപ്പെ ട്ടെന്നാണു പോലിസിന് നല്‍കിയ വിശദീകരണം. തിരുച്ചിറപ്പള്ളി മണികണ്ഠത്തുള്ള ഇന്ദിരാ ഗണേശന്‍ കോളജിലായിരുന്നു സംഭവം. ഡിസംബര്‍ 24 മുതല്‍ 31 വരെ നടന്ന ക്യാംപിന്റെ അഞ്ചാം ദിവസമാണു തിരുച്ചിറപ്പിള്ളി മണപ്പാറയ് ഇലങ്കക്കുറിച്ചി സ്വദേശിയായ വിജയ് കൊല്ലപ്പെട്ടത്. 14ഉം 15ഉം വയസ്സുള്ള 88 കുട്ടികളാണു ക്യാംപില്‍ പങ്കെടുത്തത്. രാത്രി വൈകി നഗരത്തിലെ മഹാത്മാഗാന്ധി ഹോസ്പിറ്റലില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പുതന്നെ മരണം സംഭവിച്ചതായാണു വിവരം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു മണികണ്ഠം പോലിസിനെ സമീപിച്ചിരിക്കുകയാണു വിജയുടെ മാതാവ് സരോജ.കേരളത്തില്‍, 2015ല്‍ തൊടുപുഴ സരസ്വതി വിദ്യാനികേത ന്‍ സ്‌കൂളില്‍ നടന്ന ക്യാംപില്‍ കോതമംഗലം ചെങ്കര സ്വദേശി വിഷ്ണു (16) കൊല്ലപ്പെട്ടിരുന്നു. കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനനുവദിക്കാതെ ആര്‍എസ്എസുകാര്‍ സംസ്‌കരിച്ചു. സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. 2013 ല്‍ തൃശൂര്‍ പേരാമംഗലത്തും ആര്‍എസ്എസ് ക്യാംപില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, പോലിസിനെ സ്വാധീനിച്ചു സംഭവം ഒതുക്കിത്തീര്‍ത്തു. 2015 ഒക്ടോബറില്‍ മലപ്പുറം എടക്കരയില്‍ നടന്ന ആര്‍എസ്എസ് പരിപാടിക്കിടെ എടക്കര പലേമാട്  സ്വദേശി സുരേഷ്‌കുമാര്‍ കുഴഞ്ഞു വീണു മരിച്ച സംഭവവുമുണ്ടായി. 2016ല്‍ കോലഞ്ചേരി വടയമ്പാടി സ്‌കൂളില്‍ നടന്ന ക്യാംപില്‍ വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിറവം സ്വദേശികളായ മൂന്നു വിദ്യാര്‍ഥികള്‍ക്കാണു പരിശീലനത്തിനിടെ കാലിനു പരിക്കേറ്റത്. കുട്ടികള്‍ക്കു താങ്ങാനാവാത്ത രീതിയിലുള്ള ആയുധ പരിശീലനത്തിനിടെ മരണം വരെ സംഭവിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ക്യാംപുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതു വിവാദമാവുകയാണ്. കേരളത്തില്‍ വിവിധ ജില്ലകളിലായി 40ഓളം ക്യാംപുകളാണ് ഈ ഡിസംബറില്‍ ആര്‍എസ്എസ് സംഘടിപ്പിച്ചത്. ക്യാംപില്‍ നടക്കുന്ന തീവ്ര പരിശീലനങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമം ലംഘിച്ചു നടത്തുന്ന ക്യാംപുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുകയാണ് ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും. കണ്ണൂര്‍ തളിപ്പറമ്പില്‍ നാട്ടുകാരുടെ പ്രതിഷേധം മൂലം ക്യാംപ് നിര്‍ത്തിവച്ചിരുന്നു.ഇവിടെയുള്ള ചില ക്യാംപുകളി ല്‍ സ്‌ഫോടക വസ്തു പരിശീലനം നടന്നതായും റിപോര്‍ട്ടുകള്‍ ഉണ്ട്. കടുത്ത വര്‍ഗീയവിഷം വമിക്കുന്നതാണ് ക്ലാസുക ള്‍. ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള  ആര്‍എസ്എസ് നേതാക്കള്‍ ക്ലാസുകളില്‍ സംസാരിക്കുന്നുണ്ട്. മഞ്ചേരി നറുകരയില്‍ അമൃത വിദ്യാലയത്തി ല്‍ നടക്കുന്ന ആര്‍എസ്എസ് ആയുധ പരിശീലന ക്യാംപിനിടെ നാട്ടുകാര്‍ക്കു നേരെ മാരകായുധങ്ങളുമായി ആക്രമണ ശ്രമമുണ്ടായി. എന്നാല്‍, അക്രമത്തി ല്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയാണു പോലിസ് കേസെടുത്തത്.

RELATED STORIES

Share it
Top