ആര്‍എസ്എസ് ആയുധ പരിശീലനത്തിന് പോലിസ് ഒത്താശ ചെയ്യുന്നു: കാംപസ് ഫ്രണ്ട്ആലപ്പുഴ: വിദ്യാലയങ്ങളിലെ ആര്‍എസ്എസ് ആയുധ പരിശീലന ക്യാംപിന് പിണറായിയുടെ പോലിസിന്റെ രഹസ്യ പിന്തുണയുണ്ടെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ആരോപിച്ചു. സ്‌കൂളുകളിലെ ആര്‍എസ്എസ് ക്യാംപ് തടയുക എന്നാവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവിയുടെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തരേന്ത്യയെ വെല്ലുംവിധം സംസ്ഥാനത്ത് ആര്‍എസ്എസ് കൊലപാതകങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ജില്ലയില്‍ മാത്രം രണ്ടു വിദ്യാര്‍ഥികളാണു ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന  21 ദിവസം നില്‍ക്കുന്ന ആയുധപരിശീലന കളരികള്‍ ഉള്‍പ്പടെ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന എല്ലാ ക്യാംപുകളും നാടിന് ആപത്താണ്. ഇത്തരം ക്യാംപുകളാണു മനുഷ്യരക്തം കുടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴ മറിയാ മോണ്ടിസ്സോറി സ്‌കൂളില്‍ മെയ് ഏഴു വരെ നടക്കുന്ന ആയുധപരിശീലന ക്യാമ്പിനെതിരെ പരാതി നല്‍കിയിട്ടും പോലിസ് തുടരുന്ന നിസ്സംഗത പൊതുമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റിയാസ് ബിന്‍ ഉബൈദ് പറഞ്ഞു. ഭരണകക്ഷിയുടെ എംഎല്‍എമാര്‍ വരെ പരാതി നല്‍കിയിട്ടും നടപടി വൈകുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും, സംസ്ഥാന ആഭ്യന്തരവകുപ്പ് മോഡിസേവകര്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയുള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ സെക്രട്ടറി അജ്മല്‍, മുഹമ്മദ്, ആരിഫ്, മുജീബാ ഇബ്രാഹീം, സാഹില, ആഫിയ  മാര്‍ച്ചിനു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top