ആര്‍എസ്എസ് ആക്രമണം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കുന്നംകുളം: പോര്‍ക്കുളം മങ്ങാട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൊന്നം ഉപ്പുങ്ങല്‍ ഗണേശനെ (42)യാണു ശനിയാഴ്ച രാത്രി ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച വൈകീട്ട് പൊന്നം സെന്ററിലാണു സംഭവം. വൈകീട്ട് ഏഴരയോടെ പ്രദേശത്തെ ക്ലബ്ബിന്റെ യോഗം കഴിഞ്ഞു ഗണേശന്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് നാലു ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ സംഘം വാളും ഇരുമ്പു പൈപ്പുകളുമുപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ ഗണേശനെ ആദ്യം കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലുകള്‍ക്കും കൈക്കുമുള്ള പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.  പോര്‍ക്കുളം ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം രേണുകയുടെ ഭര്‍ത്താവാണു പരിക്കേറ്റ ഗണേശന്‍. വ്യാഴാഴ്ച രാവിലെ ജോലിക്കു പോവുന്നതിനിടെ വെട്ടിക്കടവ് പാലത്തിനു സമീപം സിപിഎം വെട്ടിക്കടവ് ബ്രാഞ്ച് അംഗവും മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ നിഷീദ് കുമാറിനെ ഒരു സംഘം കൈയേറ്റം ചെയ്തിരുന്നു. അന്ന് വൈകീട്ട് അതേസംഘം അക്ഷയ് എന്ന 17കാരനെയും ആക്രമിച്ചിരുന്നു. അക്ഷയ് കുന്നംകുളം താലൂക്ക്് ആശുപത്രിയില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top