ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ മോദി ഭരണഘടന അട്ടിമറിക്കുന്നു: പന്ന്യന്‍

നെടുങ്കണ്ടം (ഇടുക്കി): ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഭരണഘടന പോലും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ജുഡീഷ്യറിയെ പോലും സ്വാധീനിക്കാനുള്ള നീക്കം രാജ്യത്തെ ജനാധിപത്യ നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പന്ന്യന്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണകാലത്ത് രാജ്യത്തെ സമ്പന്നന്‍മാര്‍ അതിസമ്പന്നന്‍മാരായി മാറി. നാലുവര്‍ഷംകൊണ്ട് രാജ്യത്തെ 73% സമ്പത്തും കുത്തക മുതലാളിമാരുടെ കൈയില്‍ എത്തിയെന്നാണ് ഏറ്റവും ഒടുവിലത്തെ സാമ്പത്തിക സര്‍വേ റിപോര്‍ട്ടില്‍ പറയുന്നത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയംതന്നെയാണ് മോദിയും തുടരുന്നത്. ഇത് രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും സാധാരണ ജനങ്ങളെയും കൂടുതല്‍ ദാരിദ്രത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശക്തരാണെന്നും അതിന് യുഡിഎഫിന്റെ കൂട്ടുകെട്ട് ആവശ്യമില്ലെന്നും പന്ന്യന്‍ പറഞ്ഞു. രാജ്യത്ത് വര്‍ഗീയ കക്ഷികളെ നേരിടാന്‍ ഇടതുപക്ഷ മതേതര കക്ഷികളുടെ പൊതുവേദി ഉണ്ടാവണമെന്നാണ് സിപിഐയുടെ നിലപാട്. ഇതിന് തിരഞ്ഞെടുപ്പ് കൂട്ടുകെട്ടായോ ബദല്‍ രാഷ്ട്രീയ സംവിധാനമായോ കാണേണ്ടതില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കളങ്കപ്പെടുത്താന്‍ സിപിഐ അനുവദിക്കില്ല. പല മത, ജാതി പാര്‍ട്ടികളും അഴിമതി നടത്തി കുപ്രസിദ്ധി നേടിയവരും ഇടതുപക്ഷ മുന്നണിയിലേക്ക് വരാനായി വിളിയും കാത്ത് നില്‍ക്കുന്നുണ്ട്. ഇടതുമുന്നണി ആദര്‍ശ മുന്നണിയാണെന്നും അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.

RELATED STORIES

Share it
Top