ആര്‍എസ്എസിനെ നേരിടാന്‍ കായികക്ഷമത കൈവരിക്കണം

പത്തനംതിട്ട:  ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോദ്‌സേയുടെ തോക്ക് വിശ്രമരഹിതമായി ആര്‍എസ്എസുകാരുടെ കൈയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഗോരക്ഷായാത്ര നടത്തിയ ബിജെപി കേരളത്തില്‍ മാത്രമാണ് ജനരക്ഷായാത്ര നടത്തിയത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്തിനാണ് സ്വകാര്യ സായുധസേനയെ വളര്‍ത്തിയെടുക്കുന്നത് എന്നു വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ കേരളത്തില്‍ അക്രമം അഴിച്ചുവിടാന്‍ ആര്‍എസ്എസിനു കഴിയാത്തത് ഇവിടെ സിപിഎം ഉള്ളതുകൊണ്ടാണ്. അല്ലാതെ കോണ്‍ഗ്രസ്സുകാര്‍ ഉണ്ട് എന്നതു കൊണ്ടല്ല. മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെടാത്തത് ലീഗ് ഉള്ളതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് ഇടതു സര്‍ക്കാരാണ്. ശാന്തിക്കാരായി ദലിതരെ നിയമിച്ചത് ഈ സര്‍ക്കാരാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഹിന്ദുത്വം പറയുന്ന ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ദലിതരെ ശാന്തിക്കാരാക്കിയിട്ടുണ്ടോ എന്നും കോടിയേരി ചോദിച്ചു.

RELATED STORIES

Share it
Top