ആര്‍എസ്എസിനെ നിയമപരമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: പി അബ്ദുല്‍ മജീദ് ഫൈസി

തൃശൂര്‍: ആര്‍എസ്എസ് അതിക്രമങ്ങളെ നിയമപരമായി നേരിടുന്നതില്‍ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പരാജയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തില്‍ ആര്‍എസ്എസ് അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
അക്രമികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും നിയന്ത്രിക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 21 ദിവസങ്ങളിലായി ആര്‍എസ്എസിന്റെ ആയുധ പരിശീലനം നടന്നു വന്നിരുന്നു.
ഇതിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാസര്‍ഗോഡ് റിയാസ് മൗലവിയുടേയും കൊടിഞ്ഞിയിലെ ഫൈസലിന്റേയും ഘാതകരെ രക്ഷപ്പെടുത്താനുള്ള സമീപനമാണ് കേരള പോലിസിന്റെ ഭാഗത്തു നിന്നുണ്ടായത്.
ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പ്രസ്താവന യുദ്ധങ്ങളല്ല, ഭരണപരമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ഖജാഞ്ചി ജലീല്‍ നീലാമ്പ്ര, സെക്രട്ടറിയേറ്റംഗം യഹിയ തങ്ങള്‍, സംസ്ഥാന സമിതിയംഗങ്ങളായ എം ഫാറൂഖ്, കെ കെ ഹുസൈര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്‍ ലത്തീഫ്, വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ നാസര്‍ പരൂര്‍, ആര്‍ വി ഷഫീര്‍, ഷമീര്‍ ബ്രോഡ്‌വേ സംസാരിച്ചു.

RELATED STORIES

Share it
Top