ആര്‍എംഎസ്എ റിസോഴ്‌സ് അധ്യാപകര്‍ക്ക് നിരാശയുടെ പുതുവല്‍സരം

പി എസ് അസയ്‌നാര്‍

മുക്കം: പുതുവര്‍ഷത്തിലേക്ക് കടന്നിട്ടും  ശമ്പളം ലഭിക്കാതെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ റിസോഴ്‌സ് അധ്യാപകര്‍ നട്ടം തിരിയുന്നു.
ആര്‍എംഎസ്എക്ക് (രാഷട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) കീഴിലെ 765 റിസോഴ്‌സ് അധ്യാപകര്‍ക്ക് വേതനം ലഭിച്ചിട്ട് മാസങ്ങളായി. 2017 ഏപ്രില്‍, മെയ്, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വേതനമാണ് അധ്യാപകര്‍ക്ക് ലഭിക്കാനുള്ളത്. കരാറടിസ്ഥാനത്തില്‍ ഹൈസ്‌കൂളുകളില്‍ നിയമിതരായ ഐഇഡിഎസ്എസ് (ഇന്‍ക്ലൂസിവ് എജ്യുക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് അറ്റ് സെക്കന്‍ഡറി സ്റ്റേജ് ) പദ്ധതിയിലെ റിസോഴ്‌സ് അധ്യാപകരാണ് സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ ഇരകളായിരിക്കുന്നത്.
ഭിന്നശേഷി കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നവരാണ് ഈ അധ്യാപകര്‍. റിസോഴ്‌സ് അധ്യാപകര്‍ക്ക് ഏപ്രില്‍ 21 നാണ് പുനര്‍നിയമനം ലഭിച്ചത്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശപ്രകാരം ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല അധ്യാപക പരിശീലന പരിപാടികളില്‍ റിസോഴ്‌സ് അധ്യാപകര്‍ പങ്കെടുത്തെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാലയളവിലെ ശമ്പളംപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ടാണ് റിസോഴ്‌സ് അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ ഉപയോഗിക്കുന്നത്. 60 ശതമാനം ഫണ്ട് കേന്ദ്ര മാനവശേഷി മന്ത്രാലയവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് അധ്യാപകരുടെ വേതന വിതരണത്തിന് നല്‍കുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിലുള്ള അനിശ്ചിതത്വമാണ്  അധ്യാപകരുടെ വേതനം മുടക്കിയിരിക്കുന്നത്. അതേസമയം ശമ്പള വിതരണത്തിന് കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഈ മാസം ആദ്യത്തോടെ വേതനം നല്‍കാന്‍ സാധിച്ചേക്കുമെന്നാണ് ആര്‍എംഎസ്എ അധികൃതരുടെ വിശദീകരണം.
പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച റിസോഴ്‌സ് അധ്യാപകരെ ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന് 2016 ജൂലൈ 30ന് ഹൈക്കോടതി വിധിച്ചിരുന്നു.  റിസോഴ്‌സ് അധ്യാപകരുടെ വേതന വിതരണത്തിന് പദ്ധതി തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അധ്യാപകരെ സ്ഥിരപ്പെടുത്താനാവില്ലെന്ന നിലപാട് സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.

RELATED STORIES

Share it
Top