ആര്യാട് പഞ്ചായത്തില്‍ 25ന് ശുചിത്വ ഹര്‍ത്താല്‍

ആലപ്പുഴ: ഹര്‍ത്താലിന് പേരുകേട്ട കേരളത്തില്‍ വേറിട്ട ഹര്‍ത്താലുമായി ആര്യാട് ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജന യജ്ഞത്തിനായി  25ന് ആര്യാട് പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തും.
ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നാലുവരെ പഞ്ചായത്ത് പരിധിയിലെ കടകമ്പോളങ്ങള്‍ അടച്ച് ശുചീകരണത്തില്‍ പങ്കാളികളാകും. രാവിലെ 10ന് ലൂഥറന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പഞ്ചായത്ത്തല ശുചീകരണ ഉദ്ഘാടനം നടത്തും. പഞ്ചായത്ത് പരിധിയിലെ മൂന്ന് സബ് സെന്ററുകളില്‍ യഥാക്രമം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു, ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത് എന്നിവര്‍ ശുചീകരണ ഉദ്ഘാടനം നിര്‍വഹിക്കും.
വിദ്യാലയങ്ങളില്‍ ശുചിത്വ പ്രതിജ്ഞ, സന്ദേശയാത്ര, ഭവന സന്ദര്‍ശനം തുടങ്ങിയ പരിപാടികളും നടക്കും. ശുചിത്വ ഹര്‍ത്താലിന് മുന്നോടിയായി വിവിധ തലത്തില്‍പ്പെട്ടവരുടെ യോഗങ്ങളടക്കം ഇതിനോടകം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
മെയ് നാലുമുതല്‍ പഞ്ചായത്തിലാരംഭിച്ച മഴക്കാല രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചിരിക്കുന്നത്. മഴക്കാല രോഗ ജാഗ്രതയ്ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്, പരിശോധന, 25 മുതല്‍ 28 വരെ പഞ്ചായത്തില്‍ ധൂപ സന്ധ്യ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ്, വൈസ് പ്രസിഡന്റ് വിപിന്‍രാജ്, അനിത ഗോപിനാഥ്, ഡോ. വി എ കണ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top