ആരോപണങ്ങള്‍ ആവര്‍ത്തിച്ച് അശോകന്‍

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹാദിയക്കും ഷെഫിനുമെതിരേ അശോകന്റെ അഭിഭാഷകന്‍ ശ്യാംദിവാന്‍ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. കോളജില്‍ പഠിക്കുമ്പോള്‍ ഹാദിയ അച്ഛനുമായി സംസാരിക്കുന്നതിനിടെ സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോവാന്‍ ആഗ്രഹമുള്ളതായി സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യത്തെ കുറിച്ച് അച്ഛന്‍ അന്വേഷിച്ചപ്പോള്‍ സംഘടിത നീക്കം ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ശ്യാംദിവാന്‍ വാദിച്ചു. അതിനിടെ, അങ്ങനെയുണ്ടെങ്കില്‍ നിയമം അത് നോക്കുമെന്നു ചീഫ് ജസ്റ്റിസ് ഇടപെട്ടു മറുപടി പറഞ്ഞു.
അതിനിടെ, സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന ആരോപണം ഹാദിയ നിഷേധിച്ചു. തനിക്ക് സിറിയയില്‍ പോവാന്‍ ആഗ്രഹമില്ലെന്ന് ഹാദിയ പറയുന്ന സംഭാഷണം ഉണ്ടെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. കേസില്‍ എന്‍ഐഎ അന്വേഷണം തത്ത്വത്തില്‍ പൂര്‍ത്തിയായതായി എന്‍ഐഎ അഭിഭാഷകന്‍ മനീന്ദര്‍ സിങ് കോടതിയെ അറിയിച്ചു. യമനില്‍ കാണാതായ രണ്ടുപേരെ കുറിച്ചുള്ള അന്വേഷണം മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളതെന്നും അദ്ദേഹം വ്യക്ത—മാക്കി.
എന്നാല്‍, എന്‍ഐഎയുടെ മറുപടി ഹാദിയ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഹാദിയയുടെ അച്ഛനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ് ഫ്രണ്ട് നേതാവും കേസിലെ എട്ടാം കക്ഷിയുമായ എ എസ് സൈനബ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top