ആരോപണം നിഷേധിച്ച് കൗണ്‍സിലര്‍

കോട്ടയം: ചങ്ങനാശ്ശേരിയി ല്‍ ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം നഗരസഭാ കൗണ്‍സിലര്‍ സജികുമാര്‍. വിഷയത്തില്‍ നിയമപരമായ നടപടികള്‍ മാത്രമാണ് താന്‍ സ്വീകരിച്ചതെന്ന് സജികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പ് ഊമക്കത്ത് കിട്ടിയിരുന്നു.
സുനില്‍കുമാര്‍ സ്വര്‍ണം മറിച്ചുവില്‍ക്കുന്നതായി കത്തിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 400 ഗ്രാം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. മൂന്നാം തിയ്യതിയാണ് സുനിലിന്റെയും മറ്റൊരു ജീവനക്കാരനായ രാജേഷിന്റെയും പേരില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുക്കേണ്ടെന്ന് പോലിസിന് താന്‍ എഴുതിനല്‍കി. സ്വര്‍ണം തിരിച്ചുകിട്ടുമെന്നായപ്പോള്‍ അങ്ങനെ ചെയ്തത് സുനിയെ സഹായിക്കാനാണ്. അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടെന്നും സജികുമാര്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് സ്‌റ്റേഷനില്‍ നിന്നു പിരിഞ്ഞത്. ഭവനനിര്‍മാണത്തിനായി സ്വര്‍ണ ഉരുപ്പടികള്‍ വിറ്റിട്ടില്ല. പൊന്‍കുന്നത്തുള്ള വസ്തു വിറ്റാണ് പണം കണ്ടെത്തിയത്.
സിപിഎം അംഗമായതിനാല്‍ പ്രതിപക്ഷ കക്ഷികള്‍ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം കൗണ്‍സിലര്‍ സജികുമാറാണ് മരണത്തിന് ഉത്തരവാദിയെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ രേഷ്മയുടെ പരാമര്‍ശം. അതേസമയം, ദമ്പതികളുടെ ആത്മഹത്യയില്‍ പോലിസിനെ വീണ്ടും കുരുക്കിലാക്കി പുതിയ ആരോപണം പുറത്തുവന്നു. ദമ്പതികള്‍ക്കൊപ്പം പോലിസ് ചോദ്യംചെയ്ത രാജേഷിനോടും പോലിസ് പണം ചോദിച്ചെന്നാണ് വെളിപ്പെടുത്തല്‍.
രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞതായി രാജേഷിന്റെ അമ്മ വിജയമ്മ മാധ്യമങ്ങളോട് പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്‌റ്റേഷനില്‍ ചെന്നിരുന്നെന്നും വിജയമ്മ പറഞ്ഞു. മൃതദേഹപരിശോധനയില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കാണാത്തത് പോലിസിന് ആശ്വാസം പകരുമ്പോഴും പുതിയ ആരോപണങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

RELATED STORIES

Share it
Top