ആരോഗ്യ സര്‍വകലാശാല 30 കോളജുകളിലെ സീറ്റുകള്‍ വെട്ടിക്കുറച്ചുതൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയ്ക്കു കീഴിലുള്ള 30 കോളജുകളിലെ സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതായും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ സീറ്റുകള്‍ നീട്ടി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നു മുളങ്കുന്നത്തുകാവിലെ സര്‍വകലാശാല ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ പറഞ്ഞു. 5 കോളജുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ പിന്‍വലിച്ചിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തക അലവന്‍സ് വിതരണവും വിവിധ കെട്ടിട നിര്‍മാണങ്ങളുടെ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും. രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രിയും സര്‍വകലാശാല പ്രൊ ചാന്‍സലറുമായ കെ കെ ശൈലജ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി കെ ബിജു എംപി പുസ്തക അലവന്‍സ് വിതരണം നിര്‍വഹിക്കും. സര്‍വകലാശാലയുടെ വിദ്യാര്‍ഥിക്ഷേമ പദ്ധതിയായ സ്റ്റുഡന്റ്‌സ് സപ്പോര്‍ട്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി വിവിധ കോളജുകളില്‍ പഠനം നടത്തുന്ന 1,736 പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ വീതമാണ് നല്‍കുക. മൊത്തം 3 കോടി 47 ലക്ഷത്തി 20,000 രൂപയാണ് വിതരണം ചെയ്യുന്നത്. സര്‍വകലാശാല അക്കാദമിക് ബ്ലോക്ക്, യൂട്ടിലിറ്റി ബില്‍ഡിങ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ് സ്‌കൂള്‍ ബില്‍ഡിങ്, ഇന്‍ ആയൂര്‍വേദ റിസര്‍ച്ച് സ്‌കൂള്‍ ബില്‍ഡിങ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എ നളിനാക്ഷന്‍, രജിസ്ട്രാര്‍ പ്രഫ. എം കെ മംഗളം, പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ. പി കെ സുധീര്‍, എ കെ മനോജ്കുമാര്‍, സതീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top