ആരോഗ്യ സംരക്ഷണത്തിന് പദ്ധതികള്‍ നടപ്പാക്കും: മന്ത്രികോട്ടയം: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുളള സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്കും പ്രയോജനപ്പെടും വിധം സമഗ്രമായ പദ്ധതികള്‍ ആര്‍ദ്രം മിഷനിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്ന്  മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെയും കാരുണ്യ ഫാര്‍മസിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഓരോ കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണത്തില്‍ കാര്യക്ഷമതയോടെ ഇടപെടുന്നതിന് ലക്ഷ്യമിടുന്നതാണ് ആര്‍ദ്രം പദ്ധതി. ഇതു കൂടാതെ ജില്ലാതാലൂക്ക് തലങ്ങളിലുളള ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്‌പെഷ്യാലിറ്റി തലങ്ങളിലേക്ക് ഉയര്‍ത്താനും പദ്ധതിക്കു കീഴില്‍ നടപടിയുണ്ടാകും. കാന്‍സര്‍, വൃക്ക രോഗികള്‍ക്കായുളള പ്രത്യേക ചികില്‍സ സംവിധാനങ്ങളും ഇത്തരം ആശുപത്രികളില്‍ ഒരുക്കും.
മെഡിക്കല്‍ കോളജുകളില്‍ വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുളള ഡോക്ടര്‍മാരേ നിയമിക്കുന്നതിനോടൊപ്പം തന്നെ ഏറ്റവും ആധുനികമായ ചികില്‍സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെ പുതിയ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിന് അനുമതി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയില്‍ പുതിയ പേ വാര്‍ഡ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top