ആരോഗ്യ വകുപ്പിന്റെ പരിശോധന നിലച്ചു; ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം സുലഭംചങ്ങനാശ്ശേരി: വേനല്‍ച്ചൂടില്‍ ചിക്കന്‍പോക്‌സും മഞ്ഞപ്പിത്തവും പടര്‍രുന്നതിനു പിന്നാലെ ഹോട്ടല്‍ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം ശക്തം. ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ പരിശോധനകളെ തുടര്‍ന്ന് നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങല്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.അതിനു സമാനമായ നിലയിലാണ് മിക്ക ഹോട്ടലുകളും ഇപ്പോഴും മുന്നോട്ടു പോവുന്നത്. പരിശോധകരെത്തുന്ന വിവരങ്ങള്‍ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് അപ്പപ്പോള്‍ മറ്റ്് സ്ഥാപനങ്ങള്‍ അറിയുന്നതു കാരണം കാര്യക്ഷമമായ പരിശോധനകള്‍ നടത്താനും അധികൃതര്‍ക്കാവുന്നുമില്ല. പരിശോധനയ്‌ക്കെത്തുന്ന സംഘത്തില്‍ നിന്നു തന്നെ വിവരം മറ്റ് സ്ഥാപനങ്ങള്‍ക്കു ചോര്‍ന്നു കിട്ടുന്നെന്ന സംശയവും ആരോഗ്യ വകുപ്പിനുണ്ട്. ഒരിടത്തെ പരിശോധന കഴിഞ്ഞ് അടുത്ത സ്ഥാപനത്തിലെത്തുമ്പോഴേക്കും പഴകിയ ഭക്ഷ്യ സാധനങ്ങള്‍ സ്ഥാപനമുടമ മാറ്റുകയാണ് ചെയ്യുന്നത്. മുമ്പ് നശിപ്പിക്കപ്പെട്ട ഭക്ഷണസാധനങ്ങളില്‍ അഴുകിയ ഏത്തപ്പഴം മുതല്‍ പഴകിയ കരിമീന്‍ വറുത്തതുവരെയുമുണ്ടായിരുന്നു. ഹോട്ടലുകളുടെ അടുക്കളയില്‍ നിന്നുള്ള അവശിഷ്ടമുള്‍പ്പടെയുള്ള മാലിന്യം ഒഴുകിപ്പോവുന്നത് തുറസ്സായ ഓടകളിലൂടെയാണ്. വൃത്തിഹീനമായ അന്തരീക്ഷമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുമേറെയാണ്. ഹോട്ടല്‍ തൊഴിലാളികള്‍ പ്രതിരോധ കുത്തിവയ്പ്പുകളെടുത്ത് നഗരസഭയുടെ ഹെല്‍ത്ത് കാര്‍ഡ് കൈപ്പറ്റണമെന്നാണ് നിയമം. എന്നാല്‍, അപൂര്‍വം ചില ഹോട്ടലുകളൊഴിച്ചാല്‍ മിക്കയിടങ്ങളിലെയും തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡെടുക്കാത്തവരാണ്. കുറഞ്ഞ ശമ്പളത്തില്‍ തൊഴിലാളികളെ കിട്ടാതെ വന്നപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഹോട്ടലുകളിലെല്ലാം പണിയെടുക്കുന്നത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് സ്ഥാപനമുടമ ഇവരോട് നിര്‍ദേശിച്ചാലും സ്ഥിരമായി ജോലിക്കു നില്‍ക്കാത്തതിനാല്‍ തൊഴിലാളികള്‍ വിമുഖത കാണിക്കുകയാണ്. വ്യാപാരികള്‍ നിയപരമായ ലൈസന്‍സുകള്‍ നേടിയിട്ടുള്ളതിനാല്‍ ഇതു റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ട് നഗരസഭ ഇടപെട്ട് പിഴ ഈടാക്കി പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്തു വരുന്നത്. 2,500നും 5,000നുമിടക്കുളള തുകയായിരിക്കും പിഴ ഈടാക്കുന്നത്. 5000 രൂപയ്ക്കു മുകളില്‍ പിഴയീടാക്കാന്‍ നഗരസഭക്കുതന്നെ പല നിയമപ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരും.

RELATED STORIES

Share it
Top