ആരോഗ്യ മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് എംപി

കൊല്ലം:പാരിപ്പളളി മെഡിക്കല്‍ കോളജ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണപരത്തുന്നതുമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
ഭരണതലത്തില്‍ വസ്തുതകള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാതെ ഉദേ്യാഗസ്ഥരുടെ അഭിപ്രായങ്ങള്‍ വിളിച്ചു പറയുന്ന മെഗാഫോണായി മന്ത്രി നടത്തുന്ന പ്രസ്താവനകള്‍ കുരുടന്‍ ആനയെ കണ്ടതുപോലെയാണ്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്  കമ്മിറ്റി യോഗം 2018-19, 2019-20 വര്‍ഷങ്ങളിലെ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനം തടഞ്ഞ് തീരുമാനമെടുത്തത്.  തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയാണ് മെഡിക്കല്‍ കൗണ്‍സില്‍ ചെയ്യുന്നത്.  തീരുമാനം പുന:പരിശോധിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരോ സൂപ്രീം കോടതി മേല്‍നോട്ട സമിതിയോ കോടതിയോ നിര്‍ദ്ദശിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കോ ഉദേ്യാഗസ്ഥര്‍ക്കോ  കോളജിന് അനുകൂലമായ തീരുമാനം കൈക്കൊളളും എന്ന് ഉറപ്പ് നല്‍കാന്‍ നിയമപരമായി അധികാരമില്ല.  നിയമാനുസൃതമായ അധികാരമില്ലാതെ മെഡിക്കല്‍ കൗണ്‍സില്‍ ഭാരവാഹിയോ ഉദേ്യാഗസ്ഥനോ  ഉറപ്പ് നല്‍കിയെന്നുളള മന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്.   ഒന്നാം വര്‍ഷ പ്രവേശനത്തിനുളള സൗകര്യം ചിട്ടപ്പെടുത്തുന്നതിനു എല്‍ഒപി  വ്യവസ്ഥകള്‍ പ്രകാരമുളള പരിശോധന രണ്ടാമത് നടന്നിട്ടില്ല.  തുടര്‍ പരിശോധന നടത്തിയെന്ന പ്രസ്താവന  വസ്തുതാ വിരുദ്ധമാണ്. 2017 ഒക്‌ടോബര്‍ 30, 31 തിയ്യതികളില്‍ നടത്തിയ പരിശോധന ഇപ്പോള്‍ ഒന്നാംവര്‍ഷ എംബിബിഎസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശനത്തിന് സൗകര്യങ്ങള്‍ തിട്ടപ്പെടുത്തി നല്‍കുന്നതിനാവശ്യമായ പരിശോധനയാണ്. പ്രസ്തുത പരിശോധനയുടെ തീരുമാനം മെഡിക്കല്‍ കൗണ്‍സില്‍ കൈക്കൊണ്ടിട്ടില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷത്തേക്ക് പ്രവേശിപ്പിക്കുന്നതും പുതിയതായി കുട്ടികളെ ഒന്നാം വര്‍ഷത്തേക്ക് പ്രവേശിപ്പിക്കുന്നതും രണ്ടായിരിക്കെ രണ്ടിനെയും ബന്ധിപ്പിച്ച് തുടര്‍പരിശോധന നടത്തി എന്നും തൃപ്തികരമാണെന്ന് പറയുന്നതും തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ്.  രണ്ടാം വര്‍ഷത്തേക്കായി ഒക്‌ടോബര്‍ 30,31 തീയതികളില്‍ നടത്തിയ പരിശോധന തൃപ്തികരമാണെങ്കില്‍ നിലവിലുള്ള കുട്ടികളെ രണ്ടാം വര്‍ഷത്തേക്ക് പ്രവേശിപ്പിക്കാമെന്നല്ലാതെ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനം നടത്താന്‍ കഴിയില്ല. 14/09/2017 ല്‍ നടത്തിയ പരിശോധനയില്‍  കണ്ടെത്തിയ കുറവുകള്‍ ഒന്നാം വര്‍ഷ എംബിബിഎസ് പ്രേവശനത്തിനുളള  സ്വകാര്യ മെഡിക്കല്‍ ലോബിയുമായി ചേര്‍ന്ന് കോളേജ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന നിരന്തരമായ ആരോപണം അന്വേഷിക്കാത്തതെന്തുകൊണ്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന മന്ത്രിയുടെ നിലപാട്, അട്ടിമറിയില്‍ മന്ത്രിക്കും പങ്കുണ്ട് എന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു. ആവശ്യത്തിലേറെ സമയമുണ്ടായിട്ടും നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അണ്ടര്‍ടേക്കിംഗ് നല്‍കിയ പ്രകാരമുള്ള  കുറവുകള്‍ പരിഹരിക്കാതെ രോഗികള്‍ക്ക് ചികില്‍സ നല്‍കാതെ മനഃപൂര്‍വ്വം കുറവുകള്‍ സൃഷ്ടിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. നിലവിലെ തടസ്സം നീക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയോ മേല്‍നോട്ട കമ്മിറ്റിയുടെയോ കോടതിയുടെയോ നിര്‍ദ്ദേശം ഉണ്ടാകണം. അതിനുവേണ്ടുന്ന നടപടികള്‍ സ്വീകരിക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനുണ്ടാകണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top