ആരോഗ്യ പുരോഗതിയില്‍ കേരളം ഒന്നാമത്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ആരോഗ്യ പുരോഗതി സംബന്ധിച്ച നീതി ആയോഗ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ കേരളം ഒന്നാം സ്ഥാനത്ത്. സംസ്ഥാനങ്ങളെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാക്കി തരംതിരിച്ചു തയ്യാറാക്കിയ റിപോര്‍ട്ടില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചാബും തമിഴ്‌നാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.ഗുജറാത്താണ് നാലാം സ്ഥാനത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുടെ നിര്‍ദേശാനുസരണം വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. റിപോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 വരെ സ്‌കോര്‍ നേടിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. നവജാത ശിശുക്കള്‍ അടക്കം മുന്നൂറോളം കുട്ടികള്‍ മതിയായ സൗകര്യങ്ങള്‍ ലഭിക്കാതെ ആശുപത്രികളില്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക്, പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിലെ കാര്യക്ഷമത, ആശുപത്രി പ്രസവം, എച്ച്‌ഐവി ബാധിതരുടെ എണ്ണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാനമായും റിപോര്‍ട്ട് വിലയിരുത്തിയിട്ടുള്ളത്. യുപിക്കു പുറമേ രാജസ്ഥാന്‍, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പട്ടികയില്‍ മോശം പ്രകടനം കാഴ്ചവച്ച കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ആരോഗ്യരംഗത്ത് ഒരു വര്‍ഷത്തിനിടെ മികച്ച വളര്‍ച്ച കരസ്ഥമാക്കിയ വിഭാഗത്തില്‍ ജാര്‍ഖണ്ഡ്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം മൂന്നാമതായി ഉത്തര്‍പ്രദേശും സ്ഥാനംപിടിച്ചിട്ടുണ്ട്. അതേസമയം, ചെറിയ സംസ്ഥാനങ്ങളുടെ പട്ടിക പ്രകാരം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള മിസോറാം ആണ് മുന്‍പന്തിയിലുള്ളത്. മിസോറാമിനു പിറകേ മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളും ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപാണ് ആരോഗ്യ വളര്‍ച്ചാരംഗത്തെ മൊത്തവളര്‍ച്ചയില്‍ മികച്ച പുരോഗതി കൈവരിച്ചിട്ടുള്ളതെന്നും പട്ടിക ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ മൂന്നിലൊന്നു സംസ്ഥാനങ്ങളും വളര്‍ച്ചാനിരക്കില്‍ പിന്നോട്ടുപോയിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നുണ്ട്. ഇത്തരത്തില്‍ വളര്‍ച്ചാനിരക്കില്‍ കുറവുവന്ന പട്ടികയില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഹരിയാന എന്നിവയ്‌ക്കൊപ്പം കേരളവും ഉള്‍പ്പെടുന്നു. നീതി ആയോഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിഇഒ അമിതാഭ് കാന്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

RELATED STORIES

Share it
Top