ആരോഗ്യ ജാഗ്രത- 2018: ജില്ലാതല ഉദ്ഘാടനം നാലിന്‌

കൊല്ലം: പകര്‍ച്ചരോഗ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത രോഗപ്രതിരോധയജ്ഞം- 2018 മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നാലിന് ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും. രോഗപ്രതിരോധത്തിന് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം പകരുന്നതിനാണ് പരിപാടി. ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി കോര്‍പറേഷന്‍ മേയര്‍, ബ്ലോക്ക്ജില്ലാഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, എല്ലാ വകുപ്പുകളുടേയും ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തും. ജനുവരിയുടെ തുടക്കത്തില്‍ തന്നെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന വിധമാണ് ക്രമീകരണങ്ങള്‍ ഒരുക്കുക. ചികില്‍സയില്‍ ആരോഗ്യവകുപ്പ് കേന്ദ്രീകരിക്കുമ്പോള്‍ ശുചീകരണവും കൊതുക് ഉറവിടങ്ങളുടെ നിര്‍മാര്‍ജനവും ബോധവല്‍ക്കരണവും ഉള്‍പ്പടെയുള്ളവ മറ്റെല്ലാ വകുപ്പുകളും ചേര്‍ന്ന് നിര്‍വഹിക്കുന്ന രീതിയാണ് പിന്തുടരുക. ബഹുജനപ്രസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാകും ഇത്തവണത്തെ ജാഗ്രതായജ്ഞം.   ഓരോ വകുപ്പിനും പ്രത്യേകം ചുമതല നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. വരള്‍ച്ച മുന്നില്‍ക്കണ്ട് വിദ്യാലയങ്ങളിലടക്കം കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധമായി നടക്കും. വര്‍ഷം മുഴുവന്‍ നീളുന്ന കര്‍മപദ്ധതിക്കാണ് യജ്ഞം ലക്ഷ്യമിടുന്നത്. ഇതിനായി സുവ്യക്തമായ രൂപരേഖ തയ്യാറാക്കി ചുമതല വിഭജിച്ച് നല്‍കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനമെടുക്കുമെന്ന് ആരോഗ്യ ജാഗ്രതയുടെ പൊതുചുമതല വഹിക്കുന്ന ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ അറിയിച്ചു.

RELATED STORIES

Share it
Top