ആരോഗ്യ ഇന്‍ഷൂറന്‍സ്: സമ്പൂര്‍ണത കൈവരിച്ച് ഒറ്റത്തറ ഗ്രാമം

കോഡൂര്‍: ഗ്രാമപ്പഞ്ചായത്തിലെ ഒറ്റത്തറയിലെ അര്‍ഹരായ മുഴുവന്‍ അംഗങ്ങളെയും സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത്, സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സഹകരണേത്താടെ, സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന രാഷ്ട്ര സ്വാസ്ഥാ ബീമാ യോജന (അര്‍എസ്ബിവൈ) പദ്ധതി പ്രകാരമാണ് പ്രദേശത്തെ ആയിരത്തിലധികം പേര്‍ക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ കഴിഞ്ഞവര്‍ഷം നടത്തിയ സമഗ്രആരോഗ്യ വിവരശേഖരണത്തില്‍ ഇരുന്നൂറിലധികം കുടുംബങ്ങള്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 130 കുടുംബങ്ങള്‍ പദ്ധതിയില്‍ ചേരാത്തവരും 60 കുടുംബങ്ങള്‍ നിലവില്‍ ഇന്‍ഷൂറന്‍സ് കാര്‍ഡുള്ളവരും 40 കുടുംബങ്ങള്‍ കാര്‍ഡ് പുതുക്കാന്‍ വിട്ടുപോയവരുമായിരുന്നു. വാര്‍ഡ് വികസനസമിതിയും എന്‍എസ്എസ് വോളന്റിയര്‍മാരും താണിക്കലിലെ അക്ഷയ കേന്ദ്രവും ചേര്‍ന്ന് ഇതുവരെ കാര്‍ഡ് എടുക്കാത്തവരെയും പുതുക്കാന്‍ വിട്ടുപോയവരേയും പുതുതായി രജിസ്റ്റര്‍ ചെയ്തു.
സമ്പൂര്‍ണത കൈവരിക്കാന്‍ നടത്തിയ പ്രവര്‍ത്തനം പരിഗണിച്ച് കഴിഞ്ഞ ദിവസം ചിയാക് അധികൃതര്‍ പ്രദേശത്തേക്ക് പ്രത്യേക എന്റ്രോള്‍മെന്റ് കേന്ദ്രം അനുവദിച്ചു. ഈകേന്ദ്രത്തിലൂടെ ഇതുവരെ കാര്‍ഡ് എടുക്കാത്തവര്‍ക്കും കാര്‍ഡ് പുതുക്കാന്‍ വിട്ടുപോയവര്‍ക്കും പുതിയ കാര്‍ഡ് നല്‍കുകയും നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് കാലാവധി പുതുക്കിനല്‍കുകയും ചെയ്തു.

RELATED STORIES

Share it
Top