ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനെത്തിയവര്‍ വലഞ്ഞു

കൊടുങ്ങൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാനെത്തിയ ഗുണഭോക്താക്കളെ വലച്ച് വാഴൂര്‍ പഞ്ചായത്തും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും. അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിലുണ്ടായ ഇരുകൂട്ടരുടെയും പിടിപ്പുകേടുമൂലം മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് കാര്‍ഡ് പുതുക്കല്‍ ആരംഭിക്കാനായത്. രാവിലെ മുതല്‍ വൈകീട്ട് അഞ്ചുമണി വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയാമായിരുന്നിട്ടും ജനറേറ്റര്‍ സംവിധാനം അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.
വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ഈമാസം 23വരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ക്ക് കാര്‍ഡ് പുതുക്കല്‍ നടന്നുവരുന്നത്. ഇന്നലെ കാര്‍ഡ് പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുമായി നൂറുകണക്കിനാളുകളാണ് രാവിലെ എട്ടുമണി മുതല്‍ കമ്മ്യൂണിറ്റി ഹാളിലേക്ക് എത്തിക്കൊണ്ടിരുന്നത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണു സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍, പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം എന്നിവ നടത്തുന്നത്.
ഒമ്പതരയോടെ കമ്പനിയുടെ അടക്കം ജീവനക്കാരെത്തി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി. ആറുപേരുടെ കാര്‍ഡ് പുതുക്കല്‍ പൂര്‍ത്തിയായതോടെ കംപ്യൂട്ടര്‍ ഓഫായെന്ന് പറഞ്ഞ് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ടോക്കണ്‍ നല്‍കുന്നത് നിര്‍ത്തിവച്ചശേഷം അവരോട് അടുത്തദിവസമെത്താന്‍ നിര്‍ദേശിച്ച് മടക്കി അയക്കുകയും ചെയ്തു. ഇതോടെ ഗുണഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വൈദ്യുതി മുടങ്ങുമെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ജനറേറ്ററെത്തിച്ചാല്‍ സാമ്പത്തിക ചെലവ് ആര് വഹിക്കുമെന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടെന്നുമായിരുന്നു കമ്പനി ജീവനക്കാരുടെ നിലപാട്.
വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പുഷ്‌കലാ ദേവിയെ ബന്ധപ്പെട്ടപ്പോള്‍ സ്ഥലസൗകര്യമൊരുക്കുക മാത്രമാണ് പഞ്ചായത്തിന്റെ ചുമതലയെന്നും ജനറേറ്റര്‍ കൊണ്ടുവരേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.
ഗുണഭോക്താക്കളുടെ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ജനറേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്. കമ്പനിയും പഞ്ചായത്തും പരസ്പരം പഴിചാരി നടപടികള്‍ വൈകിപ്പിച്ചതോടെ ജോലിയും മറ്റുപല ആവശ്യങ്ങളും ഒഴിവാക്കിയെത്തിയ നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്.

RELATED STORIES

Share it
Top