ആരോഗ്യവിഭാഗം നിര്‍ജീവം: പള്ളിതോട്ടില്‍ മാലിന്യം നിറഞ്ഞു

ചാലക്കുടി: നഗരസഭ ആരോഗ്യവിഭാഗം നിര്‍ജ്ജീവമായതോടെ പള്ളിതോട്ടില്‍ മാലിന്യം കൊണ്ട് നിറഞ്ഞു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് മൂക്കുപൊത്താതെ ഇതുവഴി നടക്കാനാവാത്ത അവസ്ഥയാണ്. പള്ളിതോട് കടന്ന് പോകുന്ന പ്രദേശത്തെ ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സെപ്റ്റിക് മാലിന്യങ്ങളടക്കം പള്ളിതോട്ടിലേക്കാണ് നേരിട്ടൊഴുക്കി വിടുന്നത്.
സെപ്റ്റിക് മാലിന്യങ്ങള്‍ കെട്ടികിടന്ന് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. മാര്‍ക്കറ്റില്‍ നിന്നുള്ള അറവ് മാലിന്യങ്ങള്‍ക്ക് പുറമെയാണ് ഇത്തരം മാലിന്യങ്ങളും പള്ളിതോട്ടിലേക്ക് ഒഴുക്കിവിടുന്നത്. മഴവെള്ളം ഒഴുകിപോകാനായി നിര്‍മ്മിച്ചതാണ് ഈ തോട്. പള്ളിതോട്ടിലെ വെള്ളം പറയന്‍തോട്ടിലെത്തി പിന്നീട് ചാലക്കുടിപുഴയിലേക്കാണ് ചെന്ന് ചേരുന്നത്.
ഈ മാലിന്യങ്ങള്‍ പുഴയിലെത്തുന്നതോടെ പുഴയിലെ വെള്ളവും മലിനമാകും. നിരവധി കുടിവെള്ള പദ്ധതികളുള്ള ഈ പുഴയിലേക്കാണ് മാലിന്യങ്ങള്‍ അനിന്ത്രിതമായി ചെന്ന് ചേരുന്നത്. പൊതുതോടുകളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതടക്കമുള്ള നടപടി യുദ്ധകാലടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയിട്ടും നഗരസഭ ആരോഗ്യവിഭാഗം അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി പള്ളിതോട്ടിലേക്ക് നേരിട്ടൊഴുക്കുന്നത് കാണിച്ചുകൊടുത്തിട്ടും ആരോഗ്യവിഭാഗത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഇനിയും ആരോഗ്യവിഭാഗം നോക്കുകുത്തിയായാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് സമീപവാസികളുടെ തീരുമാനം.

RELATED STORIES

Share it
Top