ആരോഗ്യവകുപ്പ് നടത്തിയ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

ചെര്‍പ്പുളശ്ശേരി:  ചെര്‍പ്പുളശേരിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഭരതന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പടെ പതിനലോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ ഹോട്ടലുകളുടെ പേരെഴുതി നഗരസഭയില്‍ പ്രദര്‍ശിപ്പിച്ചു. ഹോട്ടലുടമകളില്‍ നിന്ന് പിഴയും ഈടാക്കി.
കുറ്റം ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി എടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലുടമകളും, വ്യാപാരികളും നഗരസഭാ ഓഫീസിലെത്തി പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെഎ ഹമീദ്, യൂനിറ്റ് പ്രസിഡന്റ് കെഎം ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എസ് ഐ രമേശിന്റെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്‍ കെകെ എ അസീസുമായും വ്യാപാരികള്‍ ചര്‍ച്ച നടത്തി. ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷണം വില്‍പനക്ക് വച്ചതല്ലെന്നും പന്നിഫാമുകളിലേക്ക് കയറ്റി അയക്കാന്‍ വച്ചതായിരുന്നെന്നും വ്യാപാരികള്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മനപൂര്‍വം വ്യാപാരികളെ മോശക്കാരായി ചിത്രീകരിക്കുകയാണ്.
കൈക്കൂലി നല്‍കാത്തതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിശോധനയായിരുന്നു ഇതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top