ആരോഗ്യവകുപ്പ് ഡയറക്ടറും ജനപ്രതിനിധിയും പ്രതിക്കൂട്ടില്‍ഡോക്ടറുടെ പരാതി പിന്‍വലിപ്പിക്കാന്‍ ഉന്നതതല ഇടപെടല്‍

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ പ്രതിഷേധിച്ചതിനു പിടികൂടിയ യുവാക്കള്‍ക്കെതിരേ വ്യാജ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ പരാതി പിന്‍വലിപ്പിക്കാന്‍ ഉന്നതതല നീക്കം. ഡിജിപിക്ക് നല്‍കിയ പരാതി പിന്‍വലിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത തന്നോട് ആവശ്യപ്പെട്ടെന്നാണു പരാതിക്കാരിയായ കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടര്‍ കെ. പ്രതിഭയുടെ ആരോപണം.
എസ്‌ഐയുമായി ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ പ്പാര്‍ട്ടി ജനപ്രതിനിധിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു ഡയറക്ടര്‍ തന്നെ സമീപിച്ചത്. ഡയറക്ടര്‍ക്കെതിരേ തന്റെ മാതാവ് വഴി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കും. എസ്‌ഐയെ രക്ഷപ്പെടുത്താന്‍ തന്നെ വേട്ടയാടാനുള്ള ഡയറക്ടറുടെ ശ്രമത്തിനെതിരേ കോടതിയെ സമീപിക്കും. കണ്ണൂരില്‍ നിന്നു മറ്റൊരിടത്തേക്ക് സ്ഥലംമാറ്റം വാങ്ങി പോവുന്ന പ്രശ്‌നമില്ലെന്നും ഡോ. പ്രതിഭ പ്രസ്താവനയില്‍ വ്യക്തമാക്കി.
തുടക്കംമുതലേ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ആരോഗ്യ വകുപ്പിലെ ഉന്നതസ്ഥാനത്തുള്ളവരും രാഷ്ട്രീയപ്പാര്‍ട്ടിയിലെ നേതാവായ ജനപ്രതിനിധിയും തന്നെ വ്യാജമൊഴി നല്‍കാന്‍ കൂട്ടുനിന്ന പോലിസുകാരനെ രക്ഷിക്കാനിറങ്ങിയെന്ന ഗുരുതര ആരോപണമാണു വനിതാ ഡോക്്ടര്‍ ഏറ്റവുമൊടുവില്‍ ഉന്നയിക്കുന്നത്. അതേസമയം, ഡോക്ടര്‍ കഴിഞ്ഞദിവസം നല്‍കിയ പ്രസ്താവനയ്‌ക്കെതിരേ ആരോഗ്യവകുപ്പ് ഡയറക്ടറും കെജിഎംഒഎ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍)യും രംഗത്തെത്തി. പ്രസ്താവനയില്‍ ഡോക്ടര്‍ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് ഇവര്‍ വ്യക്തമാക്കി. എസ്‌ഐയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റം വാഗ്ദാനം നല്‍കിയെന്നും എസ്‌ഐക്കെതിരേ കെജിഎംഒഎ പ്രതിഷേധിച്ചെന്നും പറഞ്ഞിരുന്നു. ഇതാണ് ഇരുകൂട്ടരും നിഷേധിച്ചത്.
സംഭവത്തെക്കുറിച്ചു പത്രത്തില്‍ വായിച്ച അറിവേ ഉള്ളൂവെന്നാണു ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. സംഘടനയില്‍ അംഗം പോലുമല്ലാത്ത ഡോക്ടര്‍ക്കു വേണ്ടി സംഘടന പ്രതിഷേധിച്ചെന്നു പറയുന്നതു കളവാണെന്നു കെജിഎംഒഎ വ്യക്തമാക്കി. പോലിസ് വാഹനത്തിലെത്തിച്ച 25 പ്രതികളെയും ഡോ. പ്രതിഭയാണു പരിശോധിച്ചതെന്ന വാദം തെറ്റാണെന്നു ജില്ലാ ആശുപത്രി അധികൃതരും പറഞ്ഞു.

RELATED STORIES

Share it
Top