ആരോഗ്യവകുപ്പിന്റേത് നിരുത്തരവാദ സമീപനം: കെജിഎംഒഎ

കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനമാണ് അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചതെന്ന് കെജിഎംഒഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാലക്കാട് കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ഉച്ചയ്ക്കു ശേഷമുള്ള ഒപി സേവനം ലഭ്യമാക്കുന്നില്ലെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതാണ് സമരം ഇത്രപെട്ടെന്ന് ആരംഭിക്കാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു. 2016ല്‍ ആവിഷ്‌കരിച്ച ആര്‍ദ്രം പദ്ധതിയിലെ പ്രഖ്യാപനങ്ങള്‍ പ്രായോഗികമാക്കണമെന്നാണു സംഘടന ആവശ്യപ്പെടുന്നത്. ഒ പി ചികില്‍സയോടൊപ്പം നിരവധി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണ ഉത്തരവാദിത്തങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറായ ഡോക്ടര്‍മാര്‍ ചെയ്യേണ്ടതുണ്ട്. മച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഓരോ ഡോക്ടറും പരിശോധിക്കേണ്ട രോഗികളുടെ എണ്ണം നിജപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ ഒരു ഡോക്ടര്‍ 100 മുതല്‍ 300 വരെ രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.  നാലു ഡോക്ടര്‍മാരെയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കണം. ഒപി സമയം ദീര്‍ഘിപ്പിക്കണമെങ്കില്‍ മിനിമം അഞ്ച് ഡോക്ടര്‍മാരെങ്കിലും ഉണ്ടാവണം. ഇന്നലെ മുതല്‍ ഒപി ബഹിഷ്‌കരിച്ചാണ് സമരം ആരംഭിച്ചത്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാവാത്തപക്ഷം 18 മുതല്‍ കിടത്തിച്ചികല്‍സാ സേവനവും ബഹിഷ്‌കരിക്കാനാണു തീരുമാനം. ഈ സമരം ഒപി സമയം കൂട്ടിയതിനല്ലെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top