ആരോഗ്യരംഗത്ത് യുപി സര്‍ക്കാര്‍ പരാജയം: ഡോ. കഫീല്‍ ഖാന്‍

കണ്ണൂര്‍: കേരളത്തിലെ ആരോഗ്യമേഖലയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാതൃകയാക്കണമെന്ന് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ശിശുമരണവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തപ്പെട്ട് ജാമ്യത്തിലിറങ്ങിയ ഡോ. കഫീല്‍ ഖാന്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കടുത്ത അനീതിക്കും പീഡനത്തിനും ഇരയായി ഒമ്പതുമാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ ഡോ. കഫീല്‍ ഖാന്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
ഒരു മെഡിക്കല്‍ കോളജ് കൃത്യമായി നടത്തിക്കൊണ്ടുപോവാന്‍ കഴിയാത്തവരാണ് ആരോഗ്യരംഗത്ത് ഇന്ത്യ—ക്കു തന്നെ മാതൃകയായ കേരളത്തെ അപഹസിക്കുന്നത്. ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷം മുമ്പ് സേവനം ആരംഭിച്ച തന്നെ ശിശുമരണ സംഭവത്തിനു ശേഷം ഓക്‌സിജന്‍ മോഷ്ടാവെന്നു ചിത്രീകരിച്ച് ജയിലിലടയ്ക്കുകയായിരുന്നു. അവര്‍ എന്നെയും കുടുംബത്തെയും മാത്രമല്ല, മരിച്ച കുട്ടികളുടെ കുടുംബത്തെപ്പോലും പീഡിപ്പിച്ചു. അന്യായ തടവുകളില്‍ കഴിയുന്നവര്‍ക്കു വേണ്ടി പൊരുതാന്‍ സാധ്യതയുള്ളവരെക്കൂടി തടവിലാക്കുകയെന്നതാണ് ഫാഷിസ്റ്റുകളുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ ഫിറോസ് സംസാരിച്ചു. അദീല്‍ അഹ്്മദ്ഖാന്‍, ടി മുഹമ്മദ് വേളം, വി കെ ഹംസ അബ്ബാസ്, വി എന്‍ ഹാരിസ്, ഡോ. ഡി സുരേന്ദ്രനാഥ്, കെ സുനില്‍കുമാര്‍, സാദിഖ് ഉളിയില്‍, ശംസീര്‍ ഇബ്രാഹീം, പി എം ഷെറോസ്, ടി പി ഇല്യാസ്, കെ എം അഷ്ഫാഖ്, എം ബി എം ഫൈസല്‍, പി ടി പി സാജിത, ആരിഫ, ഷബീര്‍ എടക്കാട് എന്നിവര്‍സംബന്ധിച്ചു.

RELATED STORIES

Share it
Top