ആരോഗ്യരംഗത്തെ സേവനപ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന്

മൂവാറ്റുപുഴ: വിമുക്തഭടന്മാരുടെ ആരോഗ്യരംഗത്തെ സേവനപ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് നാവികസേനാ സ്റ്റാഫ് മേധാവി അഡ്മിറല്‍ സുനില്‍ ലമ്പ പറഞ്ഞു.
മൂവാറ്റുപുഴ സിവില്‍ സ്‌റ്റേഷനുസമീപം വിമുക്ത ഭടന്മാര്‍ക്ക് പുതുതായി നിര്‍മ്മിച്ച എക്‌സ്‌സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ സംഘടനയിലെ അംഗങ്ങല്‍ ചേര്‍ന്ന് വാങ്ങിയ സ്ഥലത്ത് സൈനിക വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചുനല്‍കിയത്. ഇത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഇതിന്റെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്നും ആദ്യപടിയെന്ന നിലയില്‍ ഓഫിസറുടെ വകയായി ഒരുലക്ഷം രൂപ വിമുക്തഭടന്മാരുടെ ബെനിഫിഷറി ട്രസ്റ്റിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളിലാണ് ക്ലിനിക്ക് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് സ്ഥലം അനുവദിക്കുവാന്‍ കഴിയുമായിരുന്നെങ്കിലും ലഭിക്കാതെ വന്നതോടെയാണ് വിമുക്തഭടന്മാര്‍ പെന്‍ഷന്‍ ലഭിക്കുന്ന തുകയില്‍നിന്ന് ഒരുഭാഗം നല്‍കി സ്ഥലം വാങ്ങി സൈനിക വകുപ്പിന് കൈമാറിയത്. ഇത് രാജ്യത്തിന് മാതൃകയാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍  ദക്ഷിണമേഖല നാവികമേധാവി എ ആര്‍ കാര്‍വെ, എല്‍ദോ എബ്രഹാം എംഎല്‍എ, ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, നേവല്‍ കമാഡര്‍മാരായ ജി പ്രകാശ്, എ വേണുഗോപാല്‍, ഡെപ്യൂട്ടി സ്‌റ്റേഷന്‍ കമാന്‍ഡര്‍ ജെയ്‌സണ്‍ പോള്‍, ഇസിഎച്ച്എസ് ഇന്‍ ചാര്‍ജ് ഓഫിസര്‍ എവികെ കര്‍ണ്ണന്‍,  എക്‌സ് സര്‍വീസ്‌മെന്‍ ബെനിഫിഷറി ട്രസ്റ്റ് സെക്രട്ടറി സി പി വിന്‍സെന്റ്, ചെയര്‍മാന്‍ ബി എസ് നായര്‍  പങ്കെടുത്തു.
നേരത്തെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സൈനിക ഹെലികോപ്ടറില്‍ വന്നിറങ്ങിയ സേനാമേധാവിയെ കമാഡര്‍മാരും പോലിസ് മേധാവികളും ചേര്‍ന്ന് സമ്മേളനവേദിയിലേക്ക് ആനയിച്ചു.

RELATED STORIES

Share it
Top