ആരോഗ്യമന്ത്രിക്ക് വി എം സുധീരന്‍ കത്തയച്ചു; ഉമ്മന്‍ചാണ്ടി നാളെ സമരപ്പന്തലില്‍

പത്തനംതിട്ട: റാന്നി-പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ഡറിന്റെ ശോചനീയമായ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ വകുപ്പുമന്ത്രി കെ കെ ഷൈലജയ്ക്ക് കത്ത് നല്‍കി.
ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ക്ക് മതിയായ ചികില്‍സ കിട്ടുന്നില്ല, കിടത്തി ചികില്‍സയും നടക്കുന്നില്ല. അവശ്യം വേണ്ട എക്‌സ്‌റേ യൂനിറ്റ്, ഇസിജി തുടങ്ങിയവയുടെ പ്രയോജനം രോഗികള്‍ക്ക് കിട്ടാത്ത സ്ഥിതിയാണുള്ളത്. ഇതേവരെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഔദ്യോഗിക തലത്തില്‍ വേണ്ടപോലെ നടപടികള്‍ ഇല്ലാതെ പോയതുകൊണ്ട് മുന്‍ പഞ്ചായത്ത് പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗം എന്നിവര്‍ നടത്തിയ  നിരാഹാര സമരത്തെ തുടര്‍ന്ന് ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് നിരാഹാര സമരത്തിലാണെന്ന വിവരവും ശ്രദ്ധയില്‍ പെടുത്തുന്നു. മലയോര നിവാസികളുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടേയും  ശബരിമല തീര്‍ഥാടകരുടെയും  ആശ്രയകേന്ദ്രമായ കമ്യൂനിറ്റി ഹെല്‍ത്ത് സെന്‍ഡറിന്റെ പ്രാധാന്യം കണക്കിലെടുത്ത് മന്ത്രി അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണം.
സിഎച്ച്‌സിയുടെ നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ച് കാര്യക്ഷമവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും ഉടനടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന സജി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ ഉച്ചയ്ക്ക് രണ്ടിന് സമരപന്തല്‍ സന്ദര്‍ശിക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുല്‍ സലാം അറിയിച്ചു.

RELATED STORIES

Share it
Top