ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; യുവാവ് പിടിയില്‍കോട്ടയം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ചെത്തിപ്പുഴ ഏനാത്ത് പാറച്ചിറ അഭിലാഷിനെ(31) യാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ചങ്ങനാശ്ശേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 28ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നൈറ്റ് പട്രോളിങിനിടെയാണ് ചെത്തിപ്പുഴ പള്ളിയുടെ കുരിശടി ഭാഗത്ത് നിന്ന് അഭിലാഷിനെ പോലിസ് അറസ്റ്റ് ചെയ്തത്. സംശയകരമായി കണ്ട അഭിലാഷിനെ ചോദ്യം ചെയ്തപ്പോഴാണ് കുരിശടിയില്‍ മോഷണത്തിനു വന്നതാണെന്ന് അറിഞ്ഞത്. ഇയാളുടെ കൈയില്‍ നിന്ന് സ്‌ക്രൂ ഡ്രൈവര്‍, ലിവര്‍, ചുറ്റിക തുടങ്ങിയവയും പിടികൂടി. 2005ല്‍ മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരനു ബിസ്‌കറ്റില്‍ മയക്കുമരുന്ന് നല്‍കി സ്യൂട്ട് കേസും വാച്ചും അപഹരിച്ച കേസിലും ഏനാച്ചിറയിലെ ചായക്കട, മുസ്‌ലിം പള്ളിയുടെ നേര്‍ച്ചപ്പെട്ടി തുടങ്ങിയവ കുത്തിത്തുറന്നു മോഷ്ടിച്ച കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, പോലിസ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ്,എസ്‌ഐ എം കെ ഷമീര്‍, ഷാഡോപോലിസ് എസ്‌ഐ പി വി വര്‍ഗീസ്, എസ്‌ഐ പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ്, ബിജുമോന്‍ നായര്‍, ശ്യാം എസ് നായര്‍, ഷെജിമോന്‍, കെ ആര്‍ ബൈജു, കെ എസ് അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

RELATED STORIES

Share it
Top