ആരാധനയുടെ ആത്മാവ്‌വിശ്വാസികള്‍ക്ക് പുണ്യത്തിന്റെ വസന്തമൊരുക്കി ഒരു റമദാന്‍ കൂടി. വെന്തുരുകുന്ന മരുഭൂമിയിലെ വെയില്‍ ചൂടില്‍ അവിചാരിതമായി പെയ്യുന്ന മഴയ്ക്കാണ് അറബികള്‍ റമദ് എന്ന് പറഞ്ഞിരുന്നതെന്ന് കാണുന്നു. അതില്‍ നിന്നാണ് റമദാന്‍ എന്ന പദമുണ്ടായതെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ അലസതയും അറിവില്ലായ്മയും ഒന്നിച്ചു ചേര്‍ന്ന് തിന്മകളുടെ പൊടിപടലങ്ങളിലൂടെ നടക്കുമ്പോള്‍ കുളിര്‍മഴയായ് നന്‍മയിലേക്കും പുണ്യത്തിലേക്കും നടന്നടുക്കാന്‍ റമദാന്‍ വഴിയൊരുക്കുന്നു. നോമ്പുകാലത്ത് പകലില്‍ വ്രതമനുഷ്ഠിക്കുക എന്നതല്ലാതെ മുമ്പ് ചെയ്തിരുന്നതിനെക്കാള്‍ പുതിയതായി ഒരാരാധനയും അല്ലാഹുവോ റസൂലോ കല്‍പിച്ചിട്ടില്ല. റമദാനില്‍ മാത്രമായി ഖുര്‍ആന്‍ പാരായണമില്ല. അല്ലാത്ത സന്ദര്‍ഭങ്ങളിലും അതു വേണം. ദാനധര്‍മങ്ങളും നന്മചെയ്യലും രാത്രി നമസ്‌കാരവും തുടങ്ങി എല്ലാം എല്ലാ കാലത്തും വേണം. എന്നാല്‍ നോമ്പിന്റെ ദിനരാത്രങ്ങളില്‍ ഇവ ചെയ്യുമ്പോള്‍ മറ്റു സന്ദര്‍ഭങ്ങളിലുള്ളതിനെക്കാള്‍ പ്രതിഫലം കൂടുതലുണ്ട്. ആരാധനകള്‍ കൊണ്ട് നിരതമാണല്ലോ നോമ്പുകാലം. ആരാധനയിലൂടെ നാം ലക്ഷ്യമാക്കേണ്ടത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. അവ നേടിയെടുക്കാന്‍ നാം ശ്രദ്ധാലുക്കളാവണം. ഒന്ന് അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ അഥവാ തഖ്‌വ-സൂക്ഷ്മതാബോധം. മറ്റൊന്ന് തിന്മകളില്‍ നിന്നുള്ള മോചനം. ഇവ രണ്ടും ആരാധനകളിലൂടെ ലഭിക്കണമെന്ന് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നു. ഏതൊരാരാധന എടുത്തുനോക്കിയാലും കാണാവുന്നത് തഖ്‌വയാണ് അതിലൂടെ കിട്ടേണ്ടത് എന്നതായിരിക്കും. നമസ്‌കാരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അല്ലാഹു പറയുന്നു: ''നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. (29:45) നമസ്‌കാരം നിര്‍വഹിക്കുന്നവന്റെ ജീവിതത്തിലേക്ക് തിന്മ കടന്നുവരാതെ സൂക്ഷിക്കാന്‍ പര്യാപ്തമാവണം അവന്റെ നമസ്‌കാരം.  അതാണ് തഖ്‌വ എന്നു പറയുന്നത്. നോമ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞു ''നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കി; നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നോമ്പു നിര്‍ബന്ധമാക്കിയതുപോലെ... നിങ്ങള്‍ തഖ്‌വയുള്ളവരായേക്കാം. (2 :103 )സകാത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇതുതന്നെ പറഞ്ഞു(9:103). ഹജ്ജിനെക്കുറിച്ചു പറഞ്ഞിടത്തും അല്ലാഹു പറഞ്ഞതിങ്ങനെ തന്നെ(2 :197). എല്ലാ ആരാധനകള്‍ കൊണ്ടും അടിസ്ഥാനപരമായി ലഭിക്കേണ്ടത് അല്ലാഹുവിനെ സൂക്ഷിക്കുക എന്ന ബോധമാണ.് അതോടൊപ്പം പാപമോചനവും. കാരണം പാപമോചനമില്ലാത്തവര്‍ക്ക് സ്വര്‍ഗപ്രവേശം സാധ്യമല്ല. ഖുര്‍ആന്‍ നിരന്തരം ഓര്‍മപ്പെടുത്തുന്നു. ഖുര്‍ആനില്‍ സ്വര്‍ഗത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ മുമ്പ് പാപമോചനത്തെ പരാമര്‍ശിക്കുന്നു. അതില്‍നിന്നും പാപമോചനമില്ലാത്തവര്‍ക്ക് സ്വര്‍ഗം ലഭിക്കുകയില്ല എന്നു മനസ്സിലാക്കാം (36 :11), (67: 12), (3:133), (61:12) തുടങ്ങി നിരവധി ആയത്തുകള്‍ നമുക്ക് ഖുര്‍ആനില്‍ കാണാവുന്നതാണ്. ഇവിടെയൊക്കെ സ്വര്‍ഗത്തിന് മുമ്പേ പാപമോചനം പറയുന്നു. പാപമോചനമില്ലാത്തവര്‍ക്ക് സ്വര്‍ഗപ്രവേശം സാധ്യമില്ലായെന്ന സൂചന നല്‍കുകയാണിവിടെ. അതുപോലെ തന്നെ ആരാധനാകര്‍മത്തിലെ പ്രാര്‍ഥനകളില്‍ പാപമോചനമാണ് മുഖ്യം. വുളു ചെയ്യുന്നതു മുതല്‍ നമസ്‌കാരത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും പാപമോചനം തേടുന്നു. നോമ്പിനെക്കുറിച്ച് നബി(സ) പറഞ്ഞത് 'ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചുകൊണ്ടും റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. രാത്രി നമസ്‌കാരത്തെക്കുറിച്ചും നബി(സ) ഇപ്രകാരം തന്നെയാണ് പറഞ്ഞത്; ഹജ്ജിന്റെ പ്രതിഫലം പറഞ്ഞുതന്നപ്പോള്‍ റസൂല്‍ (സ) പറഞ്ഞു ''മഖ്ബൂലും മഖ്‌റൂറുമായ ഹജ്ജ് നിര്‍വഹിച്ചവന്‍ തന്റെ മാതാവ് പ്രസവിച്ച സമയത്തെപ്പോലെ നിഷ്‌ക്കളങ്കനായി തിരിച്ചുവരുമെന്നാണ്.അപ്പോള്‍ ആരാധനയുടെ ആത്മാവ് തഖ്‌വയും പാപമോചനവുമാണ്. അവ നേടിയെടുത്ത് സ്വര്‍ഗം കരസ്ഥമാക്കാന്‍ ഈ റമദാന്‍ നമുക്ക് കരുത്താവട്ടെ.

RELATED STORIES

Share it
Top