ആരാണ് പൊതുശത്രു?

ഒ   അബ്ദുല്ല
ബഹുമാന്യനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ഈ വിഷയം അവതരിപ്പിക്കുന്നത്. ആമുഖമായിത്തന്നെ ഒരു കാര്യം പറയട്ടെ. കഴിഞ്ഞ ദിവസമാണ് പിണറായി വിജയനെ നരേന്ദ്ര മോദിയോട് ഉപമിക്കുക എന്നത് പടച്ചോന്‍ പൊറുക്കാത്ത പാപമാണെന്ന് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ സിപിഎം സെക്രട്ടറിയെ വിമര്‍ശിക്കുകയാണ്. കഴിഞ്ഞ ദിവസവും വിമര്‍ശിച്ചിരുന്നു.
അതൊരു ഇരട്ടത്താപ്പാണെന്നു തോന്നുന്നവരുണ്ടാകും. ഒരു കാര്യത്തില്‍ ഒരു പാര്‍ട്ടിയുടെ നയത്തോട് യോജിക്കുകയും പിന്നീട് അവരുടെ മറ്റൊരു കാര്യത്തോട് വിയോജിക്കുകയും ചെയ്യുന്നുവെന്നതൊരു നിലപാടില്ലായ്മയല്ല. അത് സ്വന്തം അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ സമുദായത്തിനോ അടിയറ വച്ചിട്ടില്ല എന്നതിനുള്ള തെളിവാണ്. വിയോജിപ്പുകള്‍ പിന്നീട് യോജിപ്പാവാം. അല്ലെങ്കില്‍ യോജിപ്പുകള്‍ പിന്നീട് വിയോജിക്കാതിരിക്കാനുള്ള കാരണമല്ല. അത് ഒരു സംഘടനയില്‍ അംഗമല്ലാത്തിടത്തോളം കാലം ബോധപൂര്‍വം സ്വീകരിക്കുന്ന ഒരു നിലപാടാണ്.
ഇന്ത്യയില്‍ ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ നമ്മുടെ മുഖ്യശത്രു ആരാണ്? ശശി തരൂര്‍ പറഞ്ഞതുപോലെ, ഇന്ത്യ ഒരു പാകിസ്താന്‍ ആകാതിരിക്കണമെങ്കില്‍ അല്ലെങ്കില്‍ ഒരു ഭീകര രാഷ്ട്രമായി മാറാതിരിക്കണമെങ്കില്‍ നമ്മള്‍ കൃത്യമായി ശത്രുവിനെ മാര്‍ക്ക് ചെയ്യണം. മുമ്പ് കുവൈത്തില്‍ നിന്നിറങ്ങുന്ന പ്രസിദ്ധീകരണത്തിലെ സ്ഥിരമായ ശീര്‍ഷകം 'ആരിഫ് അദുവ്വക് തഅ്‌രിഫ് നഫ്‌സക്' (നീ നിന്റെ ശത്രുവിനെ തിരിച്ചറിയൂ; എങ്കില്‍ നിനക്ക് നിന്നെ തിരിച്ചറിയാം) എന്നായിരുന്നു. വളരെ അര്‍ഥവത്തായ ഒരു പ്രയോഗമായിരുന്നു അത്.
ഇന്ത്യക്കാരുടെ യഥാര്‍ഥ ശത്രു കോടിയേരി ബാലകൃഷ്ണനോ പിണറായി വിജയനോ എസ്ഡിപിഐയിലെ മജീദ് ഫൈസിയോ അല്ലെങ്കില്‍ അതുപോലുള്ളവരോ അല്ല. നമ്മുടെ മതേതരത്വത്തിനെതിരേ, ഇന്ത്യന്‍ ജനാധിപത്യത്തിനെതിരേ അതികഠിനമായ ഭീഷണികള്‍ നിലനില്‍ക്കുന്നു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
കേരളത്തിലെ ചില ബിജെപി നേതാക്കള്‍ 'ഞങ്ങള്‍ അങ്ങനെയൊന്നു പറഞ്ഞിട്ടേയില്ല' എന്നു ശപഥം ചെയ്യുന്നുണ്ട്. എന്നാല്‍, കേന്ദ്രഭരണം പറഞ്ഞ കാര്യമല്ല ഇപ്പോള്‍ ചെയ്യുന്നത്. അധികാരം കിട്ടിയാല്‍ ആര്‍എസ്എസുകാരനെ രാഷ്ട്രപതിയാക്കുമെന്നോ റിട്ടയര്‍ ചെയ്ത പ്രചാരകരെ ഗവര്‍ണര്‍മാരാക്കുമെന്നോ, ഇവിടെ പശുവിനെയോ കന്നുകാലികളെയോ തെളിച്ചുകൊണ്ടുപോകുന്ന ആള്‍ക്കാരെ നടുറോഡില്‍ വച്ച് തല്ലിക്കൊല്ലുമെന്നോ ഉറങ്ങിക്കിടക്കുന്നവരെ വീട്ടില്‍ കയറി കൊല്ലുമെന്നോ സംഘപരിവാരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ല. ചരിത്രത്തെ മുഴുവന്‍ മാറ്റിമറിച്ചുകൊണ്ട് വിദ്യാഭ്യാസ പദ്ധതിയില്‍ എല്ലാ അര്‍ഥത്തിലും വര്‍ഗീയതയുടെ മായം കലര്‍ത്തുമെന്നോ ആരും പറഞ്ഞിരുന്നില്ല. പക്ഷേ, അധികാരം ലഭിച്ചുകഴിഞ്ഞപ്പോള്‍ അതാണ് ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്.
മുമ്പ് ബാബരി മസ്ജിദ് പ്രശ്‌നം രൂക്ഷമായപ്പോള്‍ ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റുള്ളവര്‍ക്കൊന്നും സമ്മതമല്ലാത്ത കാര്യം. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം അതിന്റെ പാരമ്യത്തില്‍ എത്തിയ സ്ഥിതിക്ക് ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥലം മുസ്‌ലിംകള്‍ അങ്ങോട്ട് കൊടുത്തുകൂടെ എന്നായിരുന്നു ഞാന്‍ ചോദിച്ചത്്. ഇപ്പോള്‍ ഞാന്‍ അത് പറയില്ല. കാരണം, ഹിന്ദുത്വ പടയോട്ടം അതിന്‍മേല്‍ അവസാനിക്കുന്നതല്ല. നമ്മുടെ മാറിടത്തിലെ മാംസം തന്നെ അവര്‍ക്കു വേണം. തങ്ങളുടെ സംസ്‌കാരമല്ലാത്ത, തങ്ങളുടെ മതചിഹ്നങ്ങളല്ലാത്ത, തങ്ങളുടെ ചരിത്രപുരുഷന്‍മാരല്ലാത്ത യാതൊന്നും തന്നെ ഈ ഭൂമിയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് വിശ്വസിച്ച് ആക്രമണത്തിനു കച്ചകെട്ടി ഇറങ്ങിയ ഒരു വിഭാഗമാണ് ഹിന്ദുത്വര്‍. ആ വിഭാഗത്തോട് ഇനി അതുതരാം ഇതു തരാം എന്നു പറഞ്ഞതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല.
ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുന്‍നിര്‍ത്തിയാണ് ചിലതു പറയുന്നത്. എസ്ഡിപിഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നു കോടിയേരി പറയുന്നു. അപ്പോള്‍ നിയമവാഴ്ച അങ്ങേയറ്റം മാനിക്കുന്ന ആളാണോ കോടിയേരി? 'ഞങ്ങള്‍ ഇവിടെ പോലിസ് സ്‌റ്റേഷന്റെ ഉള്ളില്‍ വച്ചും ബോംബുണ്ടാക്കു'മെന്നു പറഞ്ഞ സഖാവാണ് അദ്ദേഹം. 'ഞങ്ങള്‍ മുമ്പും ബോംബുണ്ടാക്കി'യെന്നു പറഞ്ഞതും കേരളത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി തന്നെ. എസ്ഡിപിഐക്കാര്‍ ബോംബ് എന്ന വാക്കു പോലും ഉപയോഗിക്കുന്നില്ല.
കേരളത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് ആരൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്? എത്ര ഹര്‍ത്താല്‍ പാര്‍ട്ടി വകയായിത്തന്നെയുണ്ട്? വീണ്ടും അദ്ദേഹം ചോദിക്കുന്നു, അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലേ, പിന്നെ എന്തിനാ ഹര്‍ത്താല്‍ എന്ന്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് അവരെ വിട്ടയച്ചത്. വിട്ടയക്കാന്‍ വേണ്ടി കൂടിയാണ് ഹര്‍ത്താല്‍. പോലിസിന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കുന്നു എന്ന പരാതിയും പാര്‍ട്ടി സെക്രട്ടറിക്കുണ്ട്. പോലിസ് പിടിച്ചുകൊണ്ടുപോയ എത്ര ആളുകളെയാണ്‌കേരളത്തില്‍ ഡിവൈഎഫ്‌ഐക്കാരും സിപിഎമ്മുകാരും പിടിച്ചിറക്കി കൊണ്ടുവന്നതെന്നു കോടിയേരിക്ക് അറിയാതിരിക്കില്ല.
പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇവിടെ കോടിയേരി ബാലകൃഷ്ണനെന്നോ മജീദ് ഫൈസിയെന്നോ പ്രശ്‌നമില്ല. പക്ഷേ, കേരളത്തിലെ മുഖ്യ ഭരണകക്ഷിയുടെ നേതാവ് ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് വസ്തുതകള്‍ പരിഗണിക്കണം. പോലിസിനെ വഴിതെറ്റിക്കാന്‍ ടി പി ചന്ദ്രശേഖരനെ കൊന്നതിനു ശേഷം ഇന്നോവയുടെ പിന്നില്‍ 'മാശാഅല്ലാഹ്' എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു നടന്ന കോടിയേരിക്ക് സത്യസന്ധമായി വിലയിരുത്തല്‍ നടത്താന്‍ ശേഷി കാണില്ല. തലശ്ശേരിയില്‍ തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ സുബ്ഹി നമസ്‌കരിച്ചതിനു ശേഷം പത്രം വില്‍ക്കാന്‍ പോകുമ്പോള്‍ കൊന്നിട്ട് ചോര പുരണ്ട ടൗവല്‍ ആര്‍എസ്എസുകാരന്റെ വീടിനു മുമ്പില്‍ കൊണ്ടിട്ടത് ഏതായാലും പോലിസിനെ വഴിതെറ്റിക്കുന്ന എസ്ഡിപിഐക്കാരല്ല.
ആമുഖമായി, ശത്രുവിനെ തിരിച്ചറിയൂ എന്നു ഞാന്‍ പറഞ്ഞു. എന്റെ മുന്നില്‍ എസ്ഡിപിഐക്കാര്‍ ശത്രുക്കളല്ല, സിപിഎമ്മുകാര്‍ ശത്രുക്കളല്ല. നിങ്ങള്‍ രണ്ടു പേരുടെയും മുഖ്യശത്രു വേറൊന്നാണ്. എന്റെയും നിങ്ങളുടെയും ഇന്ത്യന്‍ ജനതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശശി തരൂരിന്റെയും എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും അതുപോലുള്ള എല്ലാവരുടെയും ശത്രു വേറെ കിടക്കുന്നു. അത് ഹിന്ദുത്വ ഫാഷിസ്റ്റുകളാണ്. ആ ഫാഷിസ്റ്റുകളെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്ഡിപിഐ പാര്‍ട്ടി തന്നെ ഉണ്ടാക്കിയതെന്നാണ് നാം വിശ്വസിക്കുന്നത്. ഏതായാലും അവരുടെ മുഖ്യശത്രു സിപിഎമ്മാവാന്‍ വഴിയില്ല.
അഭിമന്യു കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സഖാക്കളില്‍ ചിലര്‍ ചാനല്‍ ചര്‍ച്ചയില്‍ 'അവരുടെ വേരറുക്കും' എന്നു പറയുന്നതു കേട്ടു. അവരുടെ വേരാണോ അറുക്കേണ്ടത്? കോടിയേരി മാത്രമല്ല മറ്റു ചില പാര്‍ട്ടി നേതാക്കളും ഈ തക്കം നോക്കി വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവങ്ങളും എസ്ഡിപിഐയുടെ തലയിലിടുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സത്യനാഥന്‍ എന്ന വിദ്യാര്‍ഥി ഇസ്‌ലാം സ്വീകരിച്ചതു തൊട്ട് കേരളത്തില്‍ മതവര്‍ഗീയത തുടങ്ങി എന്നാണ് സിപിഎം എംപി എളമരം കരീം എഴുതിയത്.
ഡോ. സാദിഖ് വായിച്ചും പഠിച്ചുമാണ് അദ്ദേഹത്തിനു ശരിയാണെന്നു തോന്നുന്ന പ്രമാണത്തിലേക്കു വന്നത്. അതു മനസ്സിലാക്കിയ ഹിന്ദുത്വവിഭാഗം അദ്ദേഹത്തെ പിടികൂടുന്നു, പീഡിപ്പിക്കുന്നു, മനോരോഗമാണെന്നു പറഞ്ഞ് ചികില്‍സിക്കുന്നു. അവസാനം കോടതി അദ്ദേഹത്തെ വിട്ടയക്കുന്നു. അദ്ദേഹത്തെ വളഞ്ഞുപിടിച്ച് ആര്‍എസ്എസുകാര്‍ കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം യുവാക്കള്‍ (അവര്‍ എന്‍ഡിഎഫുകാരോ എസ്ഡിപിഐക്കാരോ അല്ല) അന്ന് അദ്ദേഹത്തിനു സംരക്ഷണം നല്‍കി, ജീവന്‍ രക്ഷിച്ചു. കരീമിന് അദ്ദേഹത്തെ കൊല്ലാന്‍ വിട്ടുകൊടുക്കേണ്ടിയിരുന്നു. ഒരു യുവതി ഇസ്‌ലാമിലേക്കു വന്നു. അവസാനം മഞ്ചേരി കോടതി അവരെ ഇഷ്ടത്തിനു വിട്ടു. അവരെ കോടതിവളപ്പില്‍ വച്ച് കൊന്നു. തല വെട്ടിക്കീറിയാണ് കൊന്നത്. അതുപോലെത്തന്നെയാണ് യാസിര്‍ വെട്ടത്ത് പുതിയങ്ങാടിയില്‍ കൊല്ലപ്പെട്ടത്. യാസിര്‍ നേരത്തേ ആര്‍എസ്എസുകാരന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം മുസ്‌ലിമായി. അദ്ദേഹത്തെ വെട്ടിക്കൊന്നു. ഇത്തരം ഭീകരത ഇവിടെ നടമാടുമ്പോള്‍ അതിനു പ്രതിരോധം തീര്‍ക്കേണ്ടത് ആരായിരുന്നു?
ഭൂരിപക്ഷ സമുദായത്തെ പരമാവധി വിശ്വാസത്തിലെടുത്തുകൊണ്ട് മതനിരപേക്ഷമായ ഒരു രാഷ്ട്രീയ ലൈന്‍ മാത്രമേ സ്വീകാര്യമാവൂ എന്നതു ശരിയാണ്. എന്നാല്‍, മഹാരാജാസില്‍ സംഭവിച്ചത് എന്താണ്? കാംപസുകളില്‍ സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നു. എസ്എഫ്‌ഐക്കാര്‍ ഉള്ളിടത്ത് അവര്‍ക്കാണ് മേല്‍ക്കോയ്മ. എബിവിപിക്കാര്‍ ഉള്ളിടത്ത് അവര്‍ ഭരിക്കുന്നു. ചില കാംപസുകളില്‍ സംവാദം വാളും കുന്തവും കൊണ്ടാണ് നടക്കുന്നത്. എത്രയെത്ര സംഘട്ടനങ്ങളാണ് നടന്നത്. അതിലൊന്നും എസ്ഡിപിഐയോ കാംപസ് ഫ്രണ്ടോ ഇല്ല. എങ്കിലും, അവര്‍ കൂടുതല്‍ ഗൃഹപാഠം നടത്തണം. ഇസ്‌ലാമിനെ മനസ്സിലാക്കണം. ഇസ്‌ലാമിന് അപമാനകരമായ, അഹിതകരമായ സംഭവങ്ങളില്‍ അവര്‍ ഏര്‍പ്പെടാന്‍ പാടില്ല.
ഇടതുപക്ഷവുമായി സഖ്യത്തിലാവുന്നതിനെപ്പറ്റിയാണ് മുസ്‌ലിംലീഗ് അല്ലാത്ത പ്രസ്ഥാനങ്ങള്‍ ചിന്തിക്കാറ്. എന്നാല്‍, സിപിഎം ദുരൂഹമായ കാരണങ്ങള്‍ കൊണ്ട് അവരുമായി ഒരു സംവാദത്തിനു തയ്യാറാവുന്നതായി കാണുന്നില്ല. അവനവന്റെ ആത്മാവും ശരീരവും രക്ഷിക്കാനുള്ള എല്ലാവിധ അവകാശവും ഇസ്‌ലാം നല്‍കുന്നുണ്ട്, ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.
മുഖ്യശത്രുവായ സംഘപരിവാരത്തെ തുരത്താന്‍ വേണ്ടി എസ്ഡിപിഐ അടക്കമുള്ള, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള, വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള, ഫ്രറ്റേണിറ്റി അടക്കമുള്ള, കാംപസ് ഫ്രണ്ട് അടക്കമുള്ള ആരൊക്കെയുണ്ടോ അവരുമായൊക്കെ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് വിവേകശാലികള്‍ ശ്രമിക്കുക. എളമരം കരീം ലേഖനം എഴുതിയതുകൊണ്ടോ മറ്റൊരു കരീം ചാനലിനു മുമ്പില്‍ വെറും രാഷ്ട്രീയം പറഞ്ഞതുകൊണ്ടോ ഒന്നും ഇല്ലാതാവുന്നില്ല. രണ്ടു കൂട്ടരും യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാനും പരസ്പരമുള്ള പോര് അവസാനിപ്പിക്കാനുമാണ് തയ്യാറാവേണ്ടത്.                ി

RELATED STORIES

Share it
Top