ആയൂര്‍വേദത്തിന്റെ മറവില്‍ വ്യാജ ചികില്‍സ നടത്തുന്നവരെ അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി

എടക്കര: ആയുര്‍വേദത്തിന്റെ മറവില്‍ വ്യാജ ചികില്‍സ നടത്തുന്നവരെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ. എടക്കര പഞ്ചായത്തിലെ കൗക്കാട് ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വ്യാജന്മാരായ ഒറ്റമൂലി ചികില്‍സകര്‍ ധാരാളമായി പൊന്തിവരുന്നുണ്ട്. കേരളത്തിന്റെ ആയുര്‍വേദ സാധ്യതകള്‍ വളരെ വലുതാണ്.
സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ നിലവിലുള്ള ആശുപത്രികളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രമിഷന്‍ പദ്ധതിയിലൂടെ കേരളത്തെയാകെ ആയുര്‍വേദ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യം. ചെറിയ രോഗങ്ങള്‍ക്ക് പോലും ആളുകള്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിച്ചുകൊണ്ടിരിക്കുകയാണ്.
എല്ലാവിധ സൗകര്യങ്ങളുമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്ളപ്പോള്‍ കേരളത്തിലെ 67 ശതമാനം ആളുകളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എം കബീര്‍, പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, വൈസ് പ്രസിഡന്റ് കബീര്‍ പനോളി, ജില്ലാ പഞ്ചായത്തംഗം ഒ ടി ജെയിംസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മണ്‍സൂര്‍, ബ്‌ളോക്ക് അംഗം ടി എന്‍ ബൈജു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം കെ ചന്ദ്രന്‍, ഉഷാ രാജന്‍, അബ്ദുള്‍ ഖാദര്‍, ദീപ ഹരിദാസ്, സരള രാജപ്പന്‍, ഷൈനി പാലക്കുഴി സംസാരിച്ചു.

RELATED STORIES

Share it
Top