ആയുസ്സിന്റെ നീളം

ആയുസ്സിന്റെ നീളം എത്രയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അതെപ്പോഴും അവസാനിക്കാം; ചിലപ്പോള്‍ ജനിക്കും മുമ്പുപോലും. എങ്കിലും പരമാവധി ആയുര്‍ദൈര്‍ഘ്യം എന്ന ഒന്നുണ്ടല്ലോ. അതെത്രയെന്ന് ഇപ്പോഴും ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല.
മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട് ആയുര്‍ദൈര്‍ഘ്യമെന്ന് കണക്കാക്കപ്പെടുന്നു. മെഡിക്കല്‍ സയന്‍സിന്റെ വളര്‍ച്ച, ഭക്ഷണക്രമം, ശുചിത്വം, ജീവിതശൈലി തുടങ്ങി പല ഘടകങ്ങളും ഇതിനു സഹായിച്ചിട്ടുണ്ട്. 21 വര്‍ഷം മുമ്പ് 122ാം വയസ്സില്‍ മരിച്ച ഒരു ഫ്രഞ്ച് വനിതയാണു ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മനുഷ്യന്‍. എന്നാല്‍, ജീന്‍ കാള്‍മെന്‍ എന്ന ആ സ്ത്രീയെ ഒരസാധാരണ കേസായിട്ടാണ് അമേരിക്കയില്‍ ഐന്‍സ്റ്റൈന്‍ കോളജിലെ ശാസ്ത്രജ്ഞരുടെ സംഘം പരിഗണിക്കുന്നത്. അവരുടെ കണക്കനുസരിച്ച് മനുഷ്യന്റെ പരമാവധി ആയുസ്സ് 115 വയസ്സിനപ്പുറം പോവില്ലത്രേ.
ഇറ്റലിയില്‍  ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ചു നടത്തിയ പഠനങ്ങളുടെ ഗവേഷണഫലം സയന്‍സ് ജേണലില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഈ പഠനങ്ങളുടെ മാനദണ്ഡങ്ങളെക്കുറിച്ച് അഭിപ്രായ ഐക്യമില്ല. ജീവശാസ്ത്രപരമായി ആയുസ്സിന് പരിധിയുണ്ട് എന്നതില്‍ സംശയമില്ല. കോശങ്ങളുടെ നാശം തന്നെയാണു മരണത്തിലേക്ക് ഒടുവില്‍ നയിക്കുന്നത്. ചില ശരീരങ്ങള്‍ക്ക് ഈ അവസ്ഥയെ റിപ്പയര്‍ ചെയ്യാന്‍ മറ്റുള്ളവയെക്കാള്‍ പ്രത്യേക ശേഷിയുണ്ടാവാം. അത്തരക്കാര്‍ക്കാണു ഒരു പരിധിവരെയെങ്കിലും ആയുസ്സ് നീട്ടിക്കൊണ്ടുപോവാനാവുന്നത്.

RELATED STORIES

Share it
Top