ആയുര്‍വേദ ഔഷധങ്ങളുടെ ഉല്‍പാദനം സ്തംഭിച്ചു

പി എ എം ഹനീഫ്

കോഴിക്കോട്: കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യമഠം നഴ്‌സിങ് ഹോം മേഴത്തൂര്‍, കോയമ്പത്തൂര്‍ ആര്യവൈദ്യശാല അടക്കം ആയുര്‍വേദ ഔഷധങ്ങളുടെ ഉല്‍പന്ന കേന്ദ്രങ്ങളില്‍ കടുത്ത ഉല്‍പാദന സ്തംഭനം. മരുന്ന് ഉല്‍പാദനവും വിതരണവും സംബന്ധിച്ച പുതിയ ലൈസന്‍സിങ് സമ്പ്രദായമാണു പ്രതിസന്ധിക്കു കാരണം. ഗള്‍ഫ് രാജ്യങ്ങളിലടക്കം കോട്ടക്കല്‍ ആര്യവൈദ്യശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി തുടങ്ങി നിരവധി ഔഷധ നിര്‍മാതാക്കള്‍ മരുന്നു കയറ്റുമതി ചെയ്യാനാവാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. 2017 മാര്‍ച്ച് മുതലാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ലൈസന്‍സ് പുതുക്കി നല്‍കാത്തത്. പുതിയ ലൈസന്‍സുകള്‍ അനുവദിക്കാനും കണ്‍ട്രോള്‍ ബോര്‍ഡ് തയ്യാറാവുന്നില്ല. കേരളത്തില്‍ പ്രതിമാസം പുതിയ ബ്രാന്‍ഡുകളില്‍ ആയുര്‍വേദ ഉല്‍പന്നങ്ങളായ ലക്ഷക്കണക്കിന് ലിറ്റര്‍ അരിഷ്ടങ്ങളും ആസവങ്ങളും ഫാക്ടറികളില്‍ തയ്യാറാക്കുന്നുണ്ട്. പാലക്കാട് അതിര്‍ത്തിയായ കഞ്ചിക്കോട്ടാണു പ്രധാന ആയുര്‍വേദ ഔഷധ കമ്പനികള്‍ക്ക് ഫാക്ടറികളുള്ളത്. ഉത്തരേന്ത്യയില്‍ നിന്നുള്ള യുനാനി ഔഷധങ്ങള്‍ കേരളത്തില്‍ വരുന്നതിനോ, തമിഴ്‌നാട്ടില്‍ നിന്നുള്ള സിദ്ധമരുന്നുകള്‍ അതിര്‍ത്തികടന്നു വരുന്നതിനോ തടസ്സങ്ങളില്ല. വിദേശത്തു നിന്നുള്ള ലക്ഷക്കണക്കിനു രൂപയുടെ ഔഷധ ഓര്‍ഡറുകള്‍ അയക്കാന്‍ നിര്‍മാതാക്കള്‍ക്കു കഴിയുന്നില്ല. വിദേശത്തു നിന്ന് സ്ഥിരം ഇടപാടുകാരായ കമ്പനികള്‍ക്ക് ചെക്ക് രൂപത്തിലാണു പണമിടപാടുകള്‍. എന്നാല്‍ വിവിധ കമ്പനികള്‍ക്ക് മരുന്നു കയറ്റുമതി സാധ്യമാവാത്തതിനാല്‍ നിരവധി ചെക്കുകള്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. വെളിച്ചെണ്ണ, ശര്‍ക്കര, കൊടുവേലി, തിപ്പലി, ചിറ്റമൃത് തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ക്കു വന്‍തോതിലാണു വില വര്‍ധന. ആയുര്‍വേദ ഔഷധ വ്യവസായത്തില്‍ കേരളത്തിനുള്ള നിലവിലെ ഒന്നാംസ്ഥാനം നഷ്ടമാവാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

RELATED STORIES

Share it
Top