ആയുധപ്പുരയില്‍ സ്‌ഫോടനം; ഉക്രെയ്‌നില്‍ അട്ടിമറിസാധ്യത

കീവ്: ആയുധപ്പുരയിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ അട്ടിമറിസാധ്യത നിലനില്‍ക്കുന്നതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ചെര്‍നീവ് പ്രവിശ്യയിലെ ഇന്‍ചെനിയയിലെ ആയുധപ്പുരയിലാണ് സ്‌ഫോടനം നടന്നത്.
തലസ്ഥാനമായ കീവില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെയാണ് സംഭവം. പതിനായിരക്കണക്കിന് ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചതായും ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ഉത്തരവിട്ടതായും ഉക്രെയ്ന്‍ പ്രധാനമന്ത്രി അറിയിച്ചു. പ്രശ്‌നബാധിത പ്രദേശത്തെ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതിബന്ധവും നിലച്ചിരിക്കുകയാണ്. എന്നാല്‍, സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകളില്ല. ആയുധപ്പുരയില്‍ നാലുതവണ സ്‌ഫോടനം നടന്നതായും ഇത് അട്ടിമറിസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതായും ഡെപ്യൂട്ടി കമാന്‍ഡര്‍ അറിയിച്ചു.
സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. റഷ്യന്‍ അനുകൂല വിഘടനവാദികള്‍ക്കു നേരെയാണ് ആരോപണമുയരുന്നത്.
2017 മാര്‍ച്ചില്‍ സൈനിക ആയുധപ്പുരയില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് 28,000 പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു. ആ വര്‍ഷം മാര്‍ച്ചിലും സമാനരീതിയില്‍ സ്‌ഫോടനം നടന്നു. അതേസമയം, വിഘടനവാദികള്‍ക്ക് സൈന്യത്തെയും ആയുധങ്ങളും നല്‍കിയെന്നത് റഷ്യ നിഷേധിച്ചു.

RELATED STORIES

Share it
Top