ആയിറ്റിയിലെ അനധികൃത മണലെടുപ്പ്; ഖനനം ഉണ്ടാവില്ലെന്ന് തദ്ദേശവാസികളുടെ ഉറപ്പ്

തൃക്കരിപ്പൂര്‍: ആയിറ്റി കോളനിയിലെ അനധികൃത മണലെടുപ്പിനെ തുടര്‍ന്ന് വൈദ്യുതി തൂണുകള്‍ അപകടാവസ്ഥയിലാവുകയും കോളനിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്ത സംഭവത്തിന് പരിഹാരമാകുന്നു.
അപകടാവസ്ഥയിലായ പോസ്റ്റുകള്‍ കോളനി നിവാസികളുടെ ചെലവില്‍ ഭദ്രമാക്കാന്‍ തീരുമാനിച്ചു. മണല്‍ ഖനനം ഇനി ഉണ്ടാവില്ലെന്ന് കോളനി നിവാസികള്‍ ഉറപ്പു നല്‍കുകയും ഖനനം ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും യോഗത്തില്‍ ധാരണയായി.
ആയിറ്റി കേളനിയിലെ അനധികൃത മണലെടുപ്പും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു.
മഴകൂടി വരുന്നതോടെ അപകടം മുന്നില്‍ കണ്ട് വൈദ്യുതി വിതരണം നിര്‍ത്തിവച്ചത് കോളനിയിലെ 25 വീടുകളെയും കോളനിക്ക് വെളിയിലുള്ള ആറ് വീടുകളെയും ദുരിതത്തിലാക്കിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്.
കോളനിയില്‍ മണ്ണെടുപ്പ് അപകടം വിതക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത്, വില്ലേജ്, വൈദ്യുതി അധികൃതര്‍ കോളനി സന്ദര്‍ശിച്ച് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നിട്ടും തൂണുകള്‍ക്കരികില്‍ നിന്ന് അപകടകരമാം വിധം മണ്ണെടുപ്പ് തുടര്‍ന്നിരുന്നു.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യ്ാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ്് വി പി ഫൗസിയ, വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ബാവ,  ഇലക്ട്രിസിറ്റി അസി. എന്‍ജിനീയര്‍ കെ സഹജന്‍, ചന്തേര എസ്‌ഐ വിപിന്‍ ചന്ദ്രന്‍, വില്ലേജ് ഓഫിസര്‍ ടി വി വിനോദ്, പഞ്ചായത്ത് സെക്രട്ടറി സി കെ ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ തഹ്‌സീറ, ടി വി വിനോദ് കുമാര്‍, പി തമ്പാന്‍ നായര്‍ എന്നിവരും കോളനി പ്രദേശവാസികളും സംബന്ധിച്ചു.

RELATED STORIES

Share it
Top