ആയിപ്പുഴ, കൂരാരി മേഖലകള്‍ മഞ്ഞപ്പിത്തത്തിന്റെ പിടിയില്‍

ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ, കൂരാദി പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നത് ജനങ്ങളില്‍ ആശങ്കപരത്തുന്നു. വേനല്‍ ചൂട് കനത്തതോടെ കിണറുകളും തോടുകളും മറ്റു ജലസ്രോതസുകളും വറ്റുകയും ശുദ്ധ ജലക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെയാണ് മഞ്ഞപ്പിത്തം വ്യാപകമായത്.
മൂന്നു മാസത്തോളമായി ഈ മേഖലയില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും മറ്റു ഉഷ്്ണകാല രോഗങ്ങളും വ്യാപകമായിത്തുടങ്ങിയിട്ട്്. എന്നാല്‍ മഞ്ഞപ്പിത്തവും മറ്റു അനുബന്ധ രോഗങ്ങളും വ്യാപകമായിട്ടും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ പ്രദേശങ്ങളിലെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
അതേസമയം രോഗബാധിതര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നു. ശുദ്ധജലത്തിന്റെ അഭാവമാണ് രോഗം വ്യാപകമാവാന്‍ കാരണമെന്ന്് ഡോക്ടര്‍മാര്‍ പറയുന്നു. ആയിപ്പുഴ, കൂരാരി മേഖലകളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടേയോ പഞ്ചായത്തിന്റെയോ ശുദ്ധജല വിതരണ പദ്ധതികള്‍ ഇല്ല. ഇതോടെ ശുദ്ധജലത്തിനായി പ്രദേശവാസികള്‍ നെട്ടോട്ടത്തിലാണ്.
പഞ്ചായത്ത്, റവന്യു അധികൃതരുടെ വക ടാങ്കര്‍ ലോറികളില്‍ ശുദ്ധജല വിതരണവും തുടങ്ങിയിട്ടില്ല. പ്രദേശത്തെ ചില വീടുകളില്‍ മുഴുവനാളുകള്‍ക്കും മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും പിടിപ്പെട്ടിട്ടുണ്ട്. ചെങ്കണ്ണ് രോഗവും വ്യാപകമാണ്്. മഞ്ഞപ്പിത്തത്തിനും മറ്റു രോഗങ്ങള്‍ക്കുമെതിരേ അടിയന്തിരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ശുദ്ധജലമെത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top