ആയംകടവു പാലം: നിര്‍മാണം മുടങ്ങുന്നു; ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു

പെര്‍ളടുക്കം: സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയരമുള്ള പാലമായി മാറുന്ന ആയംകടവു പാലത്തിന്റെ നിര്‍മ്മാണം വീണ്ടും നിലയ്ക്കുന്നു. പുതുക്കിയ പ്ലാനിനും എസ്റ്റിമേറ്റിനും അംഗീകാരം ലഭിക്കാതെ പ്രവൃത്തി മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്ന നിലപാടിലേക്ക് കരാറുകാരനെത്തിയതോടെയാണ് നിര്‍മാണം അനിശ്ചിതത്വത്തിലായത്.
സാങ്കേതികതടസങ്ങള്‍ കാരണം പ്രവൃത്തി നീണ്ടു പോകുന്നതൊഴിവാക്കാന്‍ ശ്രമം നടത്തുമെന്നും ഇക്കാര്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പ്രവൃത്തി അവലോകനം ചെയ്യാനെത്തിയ കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. പുല്ലൂര്‍-പെരിയ, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാവടുക്കം പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന ആയംകടവു പാലം തുടക്കത്തില്‍ കരാറേറ്റെടുത്തയാള്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് ഒന്നര വര്‍ഷത്തോളം പ്രവൃത്തികളാരംഭിക്കാതെ നിശ്ചലാവസ്ഥയിലായിരുന്ന പദ്ധതി പിന്നീട് ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ചട്ടഞ്ചാലിലെ ജാസ്മിന്‍ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ വര്‍ഷം മെയ് മാസത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാമെന്നായിരുന്നു ധാരണ. 25 മീറ്റര്‍ ഉയരത്തിലാണ് പാലത്തിന്റെ പില്ലറുകള്‍ നിര്‍മിക്കുന്നത്.
നിര്‍മാണം പുരോഗമിക്കുന്നതിനിടയിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം എന്‍ജിനിയര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നേരത്തേ തയ്യാറാക്കിയ പ്ലാനില്‍ മാറ്റം വരുത്തിയത്.  പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കാത്തതാണ് കരാറുകാരന്റെ മെല്ലെപ്പോക്കിന് വഴിവെച്ചതെന്ന് എംഎല്‍എ പറഞ്ഞു. നേരത്തേ ദ്രുതഗതിയിലാണ് നിര്‍മാണം പുരോഗമിച്ചിരുന്നത്. ഇപ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ജൂണ്‍ മാസത്തോടെ തന്നെ പാലം നിര്‍മാണം പൂര്‍ത്തിയാകുമെന്ന് എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top