ആമ്പല്ലൂരില്‍ സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം; മൂന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

പുതുക്കാട്:  ആമ്പല്ലൂര്‍ വെണ്ടോരില്‍ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളും കാറും അപകടത്തില്‍പ്പെട്ടു. തൃശൂരില്‍ നിന്ന് വരന്തരപ്പിള്ളിയിലേക്ക് പോകുകയായിരുന്ന അയ്യപ്പജ്യോതി, അഖില്‍ദാസ് എന്നീ ബസ്സുകളാണ് മല്‍സരയോട്ടം നടത്തിയത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ട ഒരു ബസ്സിന് പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നു.
ഇതിനിടെ ബസ്സുകളുടെ അരികുകള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു. രണ്ടു ബസ്സിലും നിറയെ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. പാലിയേക്കരയില്‍ നിന്നും ആരംഭിച്ച മല്‍സരയോട്ടം കണ്ട് യാത്രക്കാര്‍ ബഹളംവെച്ചങ്കിലും ബസ്സുകള്‍ അപകടകരമായ രീതിയില്‍ പോകുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്നെത്തിയ പുതുക്കാട് പോലിസ് ബസ്  ഡ്രൈവര്‍മാരായ ഇഞ്ചക്കുണ്ട് സ്വദേശി നിധിന്‍, നന്തിപുലം സ്വദേശി രാജീവ് എന്നിവരെ  അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും, ഗതാഗത തടസം സൃഷ്ടിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് പുതുക്കാട് പോലിസ് റിപോര്‍ട്ട് നല്‍കി.

RELATED STORIES

Share it
Top