ആമയൂരില്‍ സിപിഎം നടത്തുന്നത് വ്യാജ പ്രചാരണമെന്ന് മുസ്‌ലിം ലീഗ്

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ ആമയൂര്‍ പാര്‍ട്ടി ഓഫിസിനെതിരേ സിപിഎം നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റി. പാര്‍ട്ടി ഓഫിസിനെക്കുറിച്ച് ഒരു വിഭാഗം സിപിഎം പ്രാദേശിക നേതാക്കള്‍ വകുപ്പു മന്ത്രി, ജില്ലാ കലക്ടര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ പരാതി വസ്തുതാ വിരുദ്ധമാണ്. സ്വന്തം ഓഫിസുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിക്കുന്നത് മറച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ നീക്കം. തൃക്കലങ്ങോട്ടെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ രണ്ടാംനില നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ്. കെട്ടിടത്തിന് പഞ്ചായത്ത് നമ്പറും നല്‍കിയിട്ടില്ല. പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള സില്‍സില പാര്‍ക്കില്‍ ഫഌറ്റടക്കമുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചതും അനുമതിയും നമ്പറും ഇല്ലാതെയാണ്. ഭൂമി തരംമാറ്റി നിരവധി കെട്ടിടങ്ങളും ഇവരുടെ ഒത്താശയോടെ നിര്‍മിച്ചിട്ടുണ്ട്. ഇതിനെതിരെയൊന്നും നടപടി സ്വീകരിക്കാതെ മുസ്്‌ലിംലീഗ് ഓഫിസ് പൊളിക്കാന്‍ നടക്കുന്ന നീക്കം ചെറുക്കും. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് ലീഗ് ഓഫിസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്. പ്രദേശത്തെ ഒരു കുടുംബത്തിന്റെ പേരും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ഭവന നിര്‍മാണ പദ്ധതിയുടെ പേരു പറഞ്ഞ് ഈ കുടുംബത്തിനെ വേട്ടയാടുന്നത് അംഗീകരിക്കില്ല. വിവാദത്തെ രാഷ്ട്രീയമായി നേരിടാനും യോഗം തീരുമാനിച്ചു. ഇ ടി മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. എന്‍ പി മുഹമ്മദ്, പി പി കുഞ്ഞാലിമൊല്ല, എം അഹമ്മദ്, എലമ്പ്ര ബാപ്പുട്ടി, എസ് അബ്ദുസലാം, ടി ഇല്ല്യാസ്, ഇ എ സലാം, യൂസഫ് മേച്ചെരി, എസ് ഷിജുലാല്‍, വി കെ അസ്‌ക്കര്‍, എന്‍ പി ജലാല്‍ സംസാരിച്ചു.

RELATED STORIES

Share it
Top