ആഭ്യന്തരവകുപ്പിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: ആഭ്യന്തരവകുപ്പിന്റെ നിഷ്‌ക്രിയത്വമാണ് കണ്ണൂരില്‍ കൊലപാതകങ്ങളും അക്രമങ്ങളും ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.


ആര്‍എസ്എസും സിപിഎമ്മും കേരളത്തെ കലാപഭൂമിയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. സമാധാന ചര്‍ച്ചകളും ആഹ്വാനങ്ങളും ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കണ്ണൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകങ്ങള്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന പേരു നല്‍കി കണ്ണൂരിലെ കൊലപാതക ഭീകരതകളെ ലഘൂകരിക്കാനുള്ള  ശ്രമങ്ങള്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നു.  തില്ലങ്കേരിയില്‍ ഈയടുത്ത് രണ്ടു തവണയായി മാരക ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത് ജില്ലയില്‍ മാരാകായുധങ്ങള്‍ സംഭരിച്ചുവരുന്നതിന്റെ തെളിവാണ്. എന്നാല്‍, സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലിസിനായിട്ടില്ല. കൂത്തുപറമ്പില്‍ നടന്ന ആര്‍എസ്എസ് ശിബിരം സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം അരങ്ങേറിയതെന്നതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രതികളെ പിടികൂടുന്നതോടൊപ്പം ഗൂഢാലോചനടയടക്കം പുറത്തുകൊണ്ടുവരുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്താലേ കണ്ണൂരിലെ അക്രമങ്ങള്‍ക്ക് അറുതിയാവുകയുള്ളൂവെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

RELATED STORIES

Share it
Top