ആബിദിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് സുഹൃത്തിനെ വംശീയവാദികള്‍ വധിച്ചത്

ലണ്ടന്‍: വംശീയ ആക്രമണത്തില്‍ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതാണ് മാഞ്ചസ്റ്ററില്‍ സ്‌ഫോടനം നടത്താന്‍ സല്‍മാന്‍ ആബിദിയെ പ്രേരിപ്പിച്ചതെന്ന് 18കാരിയായ സഹോദരി ജുമാന ആബിദി. കൂടാതെ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ നരനായാട്ടില്‍ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള നിഷ്‌കളങ്കര്‍ ദാരുണമായി കൊല്ലപ്പെടുന്നതു ആബിദിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയതായും പ്രതികാരവാഞ്ഛ ഉടലെടുക്കാന്‍ കാരണമായതായും ജുമാന വ്യക്തമാക്കി. കൂടാതെ ഈ വിഷയങ്ങളിലെ പിതാവിന്റെ പരിേവദനങ്ങളും ആക്രമണത്തിലേക്ക് എടുത്തുചാടാന്‍ സല്‍മാന് പ്രചോദനമായെന്നു സഹോദരി പറയുന്നു. എല്ലാവരോടും കനിവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന സഹോദരന്‍ മാഞ്ചസ്റ്ററിലെ അരീന ഗ്രാന്‍ഡെയില്‍ പൊട്ടിത്തെറിച്ചുവെന്നറിഞ്ഞപ്പോള്‍ നടുക്കത്തോടൊപ്പം അദ്ഭുതമാണുണ്ടായത്. അനീതികളോടുള്ള പ്രതികാരമെന്ന നിലയിലായിരുന്നു അയാള്‍ ഈ വഴി തിരഞ്ഞെടുത്തത്. അധിനിവേശ സൈന്യങ്ങളുടെ ആക്രമണങ്ങളില്‍ പിഞ്ചുകുട്ടികള്‍ മരിച്ചുവീഴുന്നത് ആബിദിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു- ജുമാന വ്യക്തമാക്കുന്നു. 2016 മേയില്‍ തന്റെ സുഹൃത്ത് മാഞ്ചസ്റ്ററില്‍ വംശീയ ആക്രമണത്തില്‍ മരിച്ചത് ആബിദിയെ പ്രകോപിപ്പിച്ചതായി കുടുംബ സുഹൃത്തും വെളിപ്പെടുത്തുന്നുണ്ട്. ഒരുകൂട്ടം അക്രമികള്‍ നടത്തിയ വംശീയ കൊലപാതകത്തോടു പ്രതികാരംചെയ്യുമെന്നു സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ ആബിദി പ്രതിജ്ഞയെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ സായുധസംഘടനകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുഹൃത്തിന്റെ കൊലപാതകം ആബിദിയെ സ്വാധീനിച്ചതായി പിതാവ് റമദാന്‍ ആബിദിയും വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് അഞ്ച് ദിവസം മുമ്പ് തങ്ങള്‍ കണ്ടപ്പോള്‍ ആബിദി സാധാരണ നിലയിലായിരുന്നുവെന്നും നിഷ്‌കളങ്കരെ കൊല്ലുന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും റമദാന്‍ പറയുന്നു.ആബിദിയുടെ ഇളയസഹോദരനായ ഹാഷിം ലിബിയയില്‍ അറസ്റ്റിലായിട്ടുണ്ട്. ഐഎസ് ബന്ധമാരോപിച്ചാണ് അറസ്റ്റ്. സൗത്ത് മാഞ്ചസ്റ്ററിലെ ചോല്‍ടണില്‍ ആബിദിയുടെ മൂത്ത സഹോദരനും അമ്മാവനും അറസ്റ്റിലായി. അമ്മയെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന ഊഹാപോഹങ്ങളും പടരുന്നുണ്ട്. മാഞ്ചസ്റ്ററിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top