ആഫ്രിക്കന്‍ വന്യതയില്ലാത്ത ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ചരിത്രത്തിലാദ്യം

മോസ്‌കോ: കാല്‍പ്പന്തുകളിയുടെ ആഫ്രിക്കന്‍ വന്യതയുടെ വശ്യസൗന്ദര്യം ഇനി റഷ്യന്‍ ലോകകപ്പിലില്ല. നോക്കൗട്ട് റൗണ്ടിലെ ഏക ആഫ്രിക്കന്‍ പ്രതീക്ഷയായിരുന്ന സെനഗലും പുറത്തുപോയതോടെയാണ് ആഫ്രിക്കന്‍ വന്‍കരയില്ലാത്ത പ്രീക്വാര്‍ട്ടര്‍ റൗണ്ടിന് റഷ്യയില്‍ കളമൊരുങ്ങുന്നത്. എല്ലാ ലോകകപ്പിലും വമ്പന്‍മാരെ വരെ അട്ടിമറിച്ചു കറുത്ത കുതിരകളാവുന്ന ആഫ്രിക്കന്‍ ടീമുകള്‍ക്കാണ് ഇത്തവണ ഈ ദുര്‍ഗതി.
ജയിക്കാന്‍ ഒരു സമനില മാത്രം മതിയായിരുന്നിട്ടും ഫെയര്‍പ്ലേ നിയമംമൂലമാണ് സെനഗലിന് പുറത്തേക്കുള്ള വഴി തുറന്നത്. ഫെയര്‍പ്ലേ നിയമപ്രകാരം ഏറ്റവും കുറവ് കാര്‍ഡുകള്‍ വാങ്ങിയ ടീമാണ് പുറത്തുപോവുക. സെനഗല്‍ ആറ് കാര്‍ഡ് വാങ്ങിയപ്പോള്‍ നാലു മഞ്ഞക്കാര്‍ഡുകളേ എതിരാളികളായ ജപ്പാന്‍ വാങ്ങിയിട്ടുണ്ടായിരുന്നുള്ളൂ. ഇത് സെനഗലിനെ മൂന്നാമതാക്കുകയായിരുന്നു. സെനഗലിന്റെ 3 മഞ്ഞക്കാര്‍ഡുകള്‍ ജപ്പാനെതിരേ പിറന്നതായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഫെയര്‍പ്ലേ നിയമപ്രകാരം ഒരു ടീം നോക്കൗട്ടിലേക്ക് കടക്കുന്നത്.
1986ല്‍ ലോകകപ്പില്‍ റൗണ്ട് ഓഫ് 16 കൊണ്ടുവന്നതിന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ നോക്കൗട്ട് റൗണ്ട് ആഫ്രിക്കന്‍ ടീമുകളില്ലാതെ കളിക്കേണ്ടിവരുന്നത്. മൊറോക്കോ, ഈജിപ്ത്, നൈജീരിയ, തുണീസ്യ, സെനഗല്‍ എന്നീ അഞ്ച് ടീമുകളായിരുന്നു ഇത്തവണ ലോകകപ്പിന് ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നു യോഗ്യത നേടിയത്. രണ്ട് വിജയം മാത്രമാണ് ഈ അഞ്ചു ടീമുകള്‍ക്കും കൂടെ ആകെ നേടാന്‍ ആയത്. തുണീസ്യയ്ക്ക് ഒരു മല്‍സരം ബാക്കിയുണ്ട് എങ്കിലും 8 പോയിന്റ് മാത്രമാണ് ഇതുവരെ ആഫ്രിക്കന്‍ ടീം ലോകകപ്പില്‍ നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ ആഫ്രിക്കന്‍ ടീമുകളായ നൈജീരിയയും അല്‍ജീരിയയും നോക്കൗട്ട് സ്‌റ്റേജിലെത്തിയിരുന്നു.

RELATED STORIES

Share it
Top