ആഫ്രിക്കന്‍ തീരത്ത് നിന്ന് കടല്‍കൊളളക്കാര്‍ റാഞ്ചിയ കപ്പലില്‍ ഉദുമ,കോഴിക്കോട് സ്വദേശികളും ഉള്ളതായി സൂചന

ഉദുമ: ആഫ്രിക്കന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പലില്‍ ഉദുമ സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം. ഉദുമ പെരില വളപ്പിലെ അശോകന്റെയും ഉദുമ ഇസ്‌ലാമിയ എ.എല്‍.പി.സ്‌കൂള്‍ പ്രീപ്രൈമറി അധ്യാപിക ഇ. ഗീതയുടെയും മകന്‍ ഉണ്ണി (25) കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പലില്‍ അകപ്പെട്ടിരിക്കുന്നതായാണ് നാട്ടില്‍ ലഭിച്ച വിവരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പനാമാ രജിസ്‌ട്രേഷനുള്ള മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം നൈജീരിയന്‍ കടലില്‍ കൊള്ളക്കാര്‍ റാഞ്ചിയത്.കപ്പലുമായി ആശയവിനിമയം നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. കപ്പലില്‍ ഇരുപതിലധികം ജീവനക്കാറുണ്ടെന്നാണ് വിവരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനിയുടെ ശുദ്ധീകരിച്ച എണ്ണനിറച്ച കപ്പലുമായിട്ടുള്ള ആശയവിനിമയം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും അവസാനം കമ്പനിയും കപ്പലും തമ്മിലുള്ള ആശയവിനിമയം നടന്നത് വ്യാഴാഴ്ചയാണ്. കപ്പല്‍ റാഞ്ചിയ വിവരം കമ്പനി അധികൃതരാണ് ഉണ്ണിയുടെ ബന്ധുക്കളെ അറിയിച്ചത്. ഉണ്ണിക്ക് പുറമെ കോഴിക്കോട് സ്വദേശിയായ ഒരു തൊഴിലാളിയും കപ്പലിലുണ്ടെന്ന വിവരമുണ്ട്.

RELATED STORIES

Share it
Top