ആപ്പിള്‍ ജീവനക്കാരനെ യുപി പോലിസ് വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി: ലഖ്‌നോയിലെ ഗോമതി നഗറില്‍ ആപ്പിള്‍ സെയില്‍സ് മാനേജറെ ഉത്തര്‍പ്രദേശ് പോലിസ് വെടിവച്ചുകൊന്നു. യുപി സ്വദേശി വിവേക് തിവാരി (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രശാന്ത് കുമാര്‍, സന്ദീപ് കുമാര്‍ എന്നീ രണ്ട് പോലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടതുഭാഗത്തെ ചെവിക്കു താഴെയാണ് വെടിയേറ്റത്. ആപ്പിള്‍ ഐഫോണ്‍ എക്‌സ് പ്ലസിന്റെ ലോഞ്ചിങിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിവേക് തിവാരി. സനാ ഖാന്‍ എന്ന സഹപ്രവര്‍ത്തകയും വിവേകിനൊപ്പം കാറില്‍ ഉണ്ടായിരുന്നു.
പോലിസ് പറയുന്നത് ഇങ്ങനെ: ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായി ലൈറ്റ് ഓഫ് ചെയ്ത നിലയില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ടു. ഞങ്ങള്‍ കാറിനടുത്ത് എത്തിയപ്പോഴേക്കും അകത്തുണ്ടായിരുന്നവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. കാര്‍ മുന്നോട്ടെടുത്തതോടെ ബൈക്കിലിടിച്ചു. ഇതോടെ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഒരിക്കല്‍ കൂടി പിന്നോട്ടെടുത്ത് വീണ്ടും ഇടിക്കാന്‍ ശ്രമിച്ചു. മൂന്നാമതും ബൈക്കില്‍ ഇടിച്ചതോടെ ഭയപ്പെടുത്താനായി തോക്കെടുത്തു. ഉടനെ ബൈക്കിനു മേല്‍ കയറ്റാന്‍ ശ്രമിച്ചതോടെ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നു.
എന്നാല്‍, ഇക്കാര്യം വിവേകിനൊപ്പമുണ്ടായിരുന്ന സനാ ഖാന്‍ നിഷേധിച്ചു. ബൈക്ക് കാറിനു വിലങ്ങിട്ട് തങ്ങളെ തടഞ്ഞുനിര്‍ത്താന്‍ പോലിസ് ശ്രമിക്കുകയായിരുന്നു. ആരാണ് തടഞ്ഞതെന്നു മനസ്സിലാകാത്തതിനാല്‍ വിവേക് കാര്‍ നിര്‍ത്തിയില്ല. ഇതിനിടെ ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ വെടിവയ്ക്കുകയായിരുന്നു. കാറിന്റെ മുന്‍ ഗ്ലാസിലൂടെ ബുള്ളറ്റ് വിവേകിന്റെ ചെവിക്കു താഴെ തറച്ചുകയറി. ഇതോടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ പാലത്തിന്റെ തൂണില്‍ ഇടിച്ചെന്നും അവര്‍ പറഞ്ഞു. വിവേകിന് ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്.സംഭവത്തില്‍ മഹാനഗര്‍ പോലിസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തില്‍ പ്രശാന്തിന്റെ നടപടി ആത്മരക്ഷയുടെ പരിധിയില്‍ വരുന്നതല്ലെന്ന് ഡിജിപി ഒ പി സിങ് വ്യക്തമാക്കി.
കാര്‍ നിര്‍ത്താന്‍ ആളെ വെടിവച്ചുകൊല്ലുകയാണോ വേണ്ടതെന്നും എന്ത് ക്രമസമാധാനമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിവേകിന്റെ ഭാര്യ കല്‍പന പറഞ്ഞു. ഇത് ഏറ്റുമുട്ടലല്ലെന്നും കൊലപാതകമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണമാവാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top