ആന്‍ഡ്രോയിഡ് ഫോണുണ്ടോ ?ഭക്ഷണത്തിന് ഇനി അലയേണ്ടി വരില്ലപത്തനംതിട്ട: കൈയ്യില്‍ ആന്‍ഡ്രോയിഡ് ഫോണുണ്ടെങ്കില്‍ ഇനി ഭക്ഷണത്തിന് അലയേണ്ടി വരില്ല. ഭാഷയും പ്രശ്—നമാവില്ല. ലേ- മെനു എന്ന നൂതന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ട് പത്തനംതിട്ട മുസ്‌ലിയാര്‍ എന്‍ജിനീയര്‍ കോളജിലെ വിദ്യാര്‍ഥികളാണ് ഹോട്ടലുകളിലെ വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ക്ലിക്കില്‍ എത്തിച്ചിരിക്കുന്നത്. നിലവില്‍ വിവിധ രാജ്യക്കാര്‍ക്കുവേണ്ടി വ്യത്യസ്ത ഭാഷകളില്‍ മെനുകാര്‍ഡുകള്‍ തയ്യാറാക്കേണ്ടി വരുന്നത് ഹോട്ടലുകാര്‍ക്കും പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനും പുതിയ ആപ്ലിക്കേഷന്‍ പരിഹാരമാവും. എഴുപതില്‍പ്പരം ഭാഷകളില്‍ ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെട്ട വിശദമായ മെനു ലഭ്യമാക്കുകയാണ് ലേ - മെനുകൊണ്ട് ഉദ്ദേശിക്കുന്നത്. യാത്രാവേളകളിലാണ് ലേ- മെനുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ആപ്ലിക്കേഷന്‍ പരിശോധിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹോട്ടലുകളെക്കുറിച്ചുള്ള സമഗ്രമായ വിവരം ലഭിക്കും. ഇതിലൂടെ സമീപത്തുള്ള ഹോട്ടലുകളെക്കുറിച്ച് വിശദമായി അറിയാനാവും. ആ സമയത്ത് അവിടെ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ചും ഭക്ഷണത്തിന് ഉപയോഗിക്കുന്ന അസംസ്—കൃത വസ്തുക്കളെകുറിച്ചുള്ള വിവരവും ഇതിനോടൊപ്പം ലഭിക്കുമെന്ന പ്രത്യേകതയും പുതിയ ആപ്ലിക്കേഷനുണ്ട്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും പെയ്—മെന്റിനുമുള്ള സൗകര്യങ്ങള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുവാനുമുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. കോളജിലെ അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് ആന്റ്് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അഭിജിത് ആര്‍ കൃഷ്ണ, മുഹമ്മദ് ഷഹ്ജാദ്, നിഖില്‍ സോമന്‍, ശ്രീരാജ് ആര്‍ എന്നിവരാണ് ഈ നൂതന ആപ്ലിക്കേഷന് പിന്നില്‍. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഷിജില പി എ, സിമി ഐ എന്നീ അധ്യാപകരുടെ സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു. ഇവരുടെ പുതിയ ആപ്ലിക്കേഷന്‍ സൈബ്രോസ് സൊല്യൂഷന്‍സ് എന്ന പേരില്‍ കോളജ് ചെയര്‍മാന്‍ പി എ ഷെരീഫ് മുഹമ്മദ്  ഉദ്ഘാടനം ചെയ്തു. പുതിയ സംരഭത്തിന് പേറ്റന്റ് ലഭ്യമാക്കാനുള്ള ശ്രമത്തിലുമാണ് വിദ്യാര്‍ഥികളും അധ്യാപകരും.

RELATED STORIES

Share it
Top