ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗംമൂലമുണ്ടാവുന്ന അത്യാപത്തുകള്‍ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും സജ്ജമാക്കാന്‍ ആന്റി മൈക്രോബിയല്‍ പ്രതിരോധ ആക്ഷന്‍ പ്ലാനിന് ആരോഗ്യവകുപ്പ് രൂപം നല്‍കിയതായി മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കര്‍മപദ്ധതി നടപ്പാക്കുന്നത്. നാളെ രാവിലെ 11ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്റ്—സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ പ്രകാശനം ചെയ്യും. ഇത്തരം കര്‍മപദ്ധതി നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മരുന്നുവില്‍പനശാലകളും ഒരുമിച്ചുപ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റിയും പൊതുവായ ശുചിത്വത്തെപ്പറ്റിയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കും. ആന്റി മൈക്രോബിയല്‍ പ്രതിരോധതോത് കണക്കാക്കാനുള്ള നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ കേന്ദ്രമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗം പ്രവര്‍ത്തിക്കും. സ്വകാര്യമേഖലയിലെ മേല്‍നോട്ടം കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ്. ബോധവല്‍ക്കരണത്തിനായി വിവിധ പരിപാടികള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടെ നടത്തുന്നതിനൊപ്പം, ഡോക്ടറുടെ കുറിപ്പടി കൂടാതെയുള്ള മരുന്നുവില്‍പന കുറയ്ക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top