ആന്റണിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും; വൈകിയത് ലേബര്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ദമ്മാം: രണ്ടു മാസം മുമ്പ് സൗദിയിലെ സഫ്‌വയില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച കൊല്ലം കാവനാട് നിര്‍മല ഭവന്‍ ആന്റണി(58)യുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും. കമ്പനിയില്‍ നിന്നും സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വൈകിയതും മരണം സംഭവിച്ചത് വഴിയരികില്‍ ആയതിനാലുമാണ് നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ക്ക് കാലതാമസം നേരിട്ടത്. സേവനാന്തര ആനുകൂല്യങ്ങളും മറ്റും രണ്ടാഴ്ച മുമ്പ് മാത്രമാണ് കമ്പനി ഇന്ത്യന്‍ എംബസിക്ക് കൈമാറിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് എംബസി അനുമതി പത്രം നല്‍കി. ഇത് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വകുപ്പിന് കൈമാറുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നിരന്തര ഇടപെടലുകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായാണ് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനായത്. കഴിഞ്ഞ ദിവസമാണ് സങ്കീര്‍ണമായ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഗവര്‍ണറേറ്റില്‍ നിന്നും ഞായറാഴ്ചയായിരിക്കും അന്തിമ രേഖ ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച കാര്യങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് നാസ്് വക്കം പറഞ്ഞു. ഇത്തരം കാര്യങ്ങളുടെ നടപടിക്രമങ്ങളെ കുറിച്ച് അജ്ഞരായ ചിലരാണ് ഇതിന് പിന്നില്‍. നടപടിക്രമങ്ങളുടെ പുരോഗതി അപ്പപ്പോള്‍ ആന്റണിയുടെ കുടുംബത്തെ ധരിപ്പിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

RELATED STORIES

Share it
Top