ആന്ധ്ര: കിരണ്‍ റെഡ്ഡി കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി നാലു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ്സില്‍ മടങ്ങിയെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് കോണ്‍ഗ്രസ്സിലേക്കു തിരിച്ചുവരുന്നതായി റെഡ്ഡി പ്രഖ്യാപിച്ചത്. ഉപാധികളില്ലാതെയാണ് മടങ്ങിവരവ് എന്നു കൂടിക്കാഴ്ചയ്ക്കു ശേഷം റെഡ്ഡി പറഞ്ഞു.
ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, സംസ്ഥാന കോണ്‍ഗ്രസ് നേതാവ് എന്‍ രഘുവീര റെഡ്ഡി, മുന്‍ കേന്ദ്രമന്ത്രി എം എം പള്ളം രാജു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
റെഡ്ഡിയുടെ കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവോടെ ഉമ്മന്‍ചാണ്ടിയുടെ ആന്ധ്രാ ദൗത്യങ്ങളിലൊന്നാണ് വിജയിച്ചത്. റെഡ്ഡിയുമായി ഉമ്മന്‍ചാണ്ടി രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു.
സംസ്ഥാന വിഭജനത്തില്‍ പ്രതിഷേധിച്ച് 2014ലാണ് റെഡ്ഡി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് വിട്ടത്.

RELATED STORIES

Share it
Top