ആന്ധ്രപ്രദേശിനോട് അവഗണന; തെലുഗുദേശം എന്‍ഡിഎ വിടുന്നു

അമരാവതി: ആന്ധ്രപ്രദേശിനെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടാന്‍ ഒരുങ്ങി ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടിഡിപി). മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു അമരാവതിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ്  സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം.
ആദ്യ പടിയായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗമായ രണ്ടു ടിഡിപി മന്ത്രിമാര്‍ ഇന്നു രാജിവയ്ക്കുമെന്നും നേതാക്കള്‍ അറിയിച്ചു. അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നീ കേന്ദ്രമന്ത്രിമാരാണ് രാജിവയ്ക്കുക. സംസ്ഥാനത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണെന്ന് ചന്ദ്രബാബു നായിഡു പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന ധനമന്ത്രി വൈ രാമകൃഷ്ണുഡു തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങളോട് തണുപ്പന്‍ പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായതെന്ന് നായിഡു പറഞ്ഞു.
ആന്ധ്രപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ട് രണ്ടു ദിവസം ടിഡിപി അംഗങ്ങള്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ജന്തര്‍മന്ദറില്‍ സമരവും സംഘടിപ്പിച്ചിരുന്നു. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആന്ധ്രപ്രദേശിനു പ്രത്യേക പരിഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി സമരത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയും ചെയ്തിരുന്നു.
അതേസമയം, ആന്ധ്രപ്രദേശിനു പ്രത്യേക സഹായം വേണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. സഖ്യം ഉപേക്ഷിക്കുമെന്ന് തെലുഗുദേശം ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന. സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. ആന്ധ്രയുടെ വരുമാനനഷ്ടം നികത്താന്‍ കേന്ദ്രം ഇതിനകം 4000 കോടി രൂപ നല്‍കി. ഇനി 138 കോടി രൂപ മാത്രമാണ് നല്‍കാനുള്ളത്. സംസ്ഥാനത്തിന്പ്രത്യേക പാക്കേജ് ഉറപ്പാക്കുമെന്നും എന്നാല്‍, പ്രത്യേക പദവി നല്‍കാനാവില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

RELATED STORIES

Share it
Top