ആനുകൂല്യനിഷേധം: പ്രതിഷേധവുമായി അനാഥാലയം അന്തേവാസികള്‍

കണ്ണൂര്‍: സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ നീതിനിഷേധത്തിനെതിരേ പ്രതിഷേധവുമായി അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങളിലെയും അന്തേവാസികള്‍ തെരുവില്‍. ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഓര്‍ഫനേജസിന്റെ നേതൃത്വത്തില്‍ അന്തേവാസികള്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. കേരളത്തിലെ മറ്റു ജില്ലകളിലെയും അനാഥാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നുണ്ടെങ്കിലും കണ്ണൂരിലെ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ വെബ്‌സൈറ്റ് പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തെ തുകയും ട്രഷറിയില്‍ നിക്ഷേപിച്ചതായി കാണുന്നുണ്ട്.
എന്നാല്‍ ഇത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹികനീതി വകുപ്പിന്റെയും അധികൃതര്‍ കാരണം വ്യക്തമാക്കണം. ശാരീരിക-മാനസിക അവശതകള്‍ മൂലം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്ന അന്തേവാസികളുടെ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ അനാഥാലയങ്ങളില്‍ നേരിട്ടെത്തി സ്വീകരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടണം. റേഷന്‍ പെര്‍മിറ്റുള്ള മുഴുവന്‍ അനാഥാലയങ്ങള്‍ക്കും പെര്‍മിറ്റ് പ്രകാരമുള്ള അരി, ഗോതമ്പ്, പഞ്ചസാര എന്നിവ യഥാസമയം ലഭ്യമാക്കണം. ഇതുസംബന്ധിച്ച് നടപടിയാവശ്യപ്പെട്ട് ജില്ലാ കലക്്്ടര്‍ക്ക് നിവേദനവും നല്‍കി. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
ധര്‍ണ സക്കറിയ കളപ്പുര ഉദ്ഘാടനം ചെയ്തു. ബ്രദര്‍ സ്റ്റീഫന്‍ എം ജെ അധ്യക്ഷനായി. ബ്രദര്‍ ജോസഫ് ചാലില്‍, പ്രജിത്ത് മട്ടന്നൂര്‍, ജോണ്‍സണ്‍ കല്ലുകുളങ്ങര, ജെയിംസ് എടക്കൊട്ടി, ബ്രദര്‍ സണ്ണി പുത്തന്‍ പുരയ്ക്കല്‍, ഭാസ്‌കരന്‍ വാഴയില്‍, കെ മോഹനന്‍ നായര്‍, സിസ്റ്റര്‍ വിനീത സംസാരിച്ചു.

RELATED STORIES

Share it
Top